കീശകീറാതെ രുചികരമായ ഊണ്
ആലപ്പുഴ: വിലക്കുറവിനാലും ഗുണമേന്മയാലും പേരുകേട്ടതോടെ കുടംബശ്രീ ഹോട്ടലുകൾ കൂടുതൽ ജനപ്രിയമാകുന്നു. ഈ മാസം ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലായി എട്ട് പുതിയ ഹോട്ടലുകൾ കൂടി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീ അധികൃതർ. ആലപ്പുഴയിൽ നിലവിൽ 34 ഹോട്ടലുകളാണ് ലാഭകരമായി പ്രവർത്തിക്കുന്നത്. ഇതിൽ 28 എണ്ണ ഗ്രാമ പ്രദേശങ്ങളിലും അഞ്ചെണ്ണം നഗരപ്രദേശങ്ങളിലുമാണ് സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്നും 3000ൽ അധികം പേരാണ് പ്രതിദിനം ആഹാരം വാങ്ങുന്നത്. ഹോട്ടലിലെത്തി ആഹാരം കഴിക്കുന്നവർക്കും, പാഴ്സലിനും പുറമേ, ഹോം ഡെലിവറി സംവിധാനവുമുണ്ട്. കൊവിഡ് കാലത്താണ് കുടുംബശ്രീയുടെ ഹോട്ടലുകൾ കൂടുതൽ ആളുകളിലേക്കെത്തിയത്. അരിയും മറ്റ് സാധനങ്ങളും സബ്സിഡി നിരക്കിലാണ് ഭക്ഷ്യവകുപ്പ് നൽകുന്നത്. പുതിയതായി തുടങ്ങുന്ന ഹോട്ടലുകളുടെ പ്രവർത്തനത്തിന് 600 ടൺ ഭക്ഷ്യ വസ്തുക്കളാണ് നീക്കി വ ച്ചിരിക്കുന്നത്. സമീപത്തെ റേഷൻ കടകളിൽ നിന്ന് 10.90 രൂപ നിരക്കിൽ അരി ലഭ്യമാക്കും. കുടുംബശ്രീ യൂണിറ്റുകളിൽ നിന്ന് ജില്ലാ സപ്ലൈ ഓഫീസർമാർ അപേക്ഷ നൽകുന്ന മുറയ്‌ക്ക് അരിക്ക് പെർമിറ്റ് നൽകാനാണ് നിർദ്ദേശം. വിതരണം ചെയ്യുന്ന അരി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് അധികൃതർ ഉറപ്പ് വരുത്തും. ഊണിനൊപ്പം തോരൻ, ഒഴിച്ചുകറി, അച്ചാർ, ചമ്മന്തി എന്നിവയടങ്ങിയ മെനുവാണ് എല്ലാ കുടംബശ്രീ ഹോട്ടലുകളിലുമുള്ളത്. ഒരു സ്ഥാപനത്തിൽ മൂന്ന് മുതൽ എട്ട് ജീവനക്കാർ വരെയുണ്ടാവും. കച്ചവടത്തിന്റെ ലാഭം ഇവർ വീതിച്ചെടുക്കുകയാണ് പതിവ്. കൂടുതൽ സ്ഥാലങ്ങളിലേക്ക് ഹോട്ടലുകൾ വ്യാപിപ്പിക്കാൻ ആഗ്രഹമുണ്ടെങ്കിലും, കുടിവെള്ള സൗകര്യത്തോട് കൂടിയ കെട്ടിടങ്ങൾ ആളുകൾ കൂടുതലെത്തുന്ന പ്രദേശത്ത് ലഭിക്കാനുള്ള പ്രയാസമാണ് ഏക വെല്ലുവിളി. കാറ്ററിംഗ് സർവീസിലടക്കം ട്രെയിനിംഗ് പൂർത്തീകരിച്ച ശേഷമാണ് വനിതകൾ ഹോട്ടൽ നടത്തിപ്പ് ഏറ്റെടുക്കുന്നത്.
..................
പഞ്ചായത്തുകളുടെ സഹായത്തോടെ നല്ല കെട്ടിടങ്ങൾ കണ്ടെത്തുന്ന മുറയ്ക്ക് കൂടുതൽ ഹോട്ടലുകൾ ജില്ലയിൽ ആരംഭിക്കാനാണ് പദ്ധതി. പോക്കറ്റിന് ഇണങ്ങുന്ന രീതിയിൽ രുചികരമായ ഭക്ഷണം ലഭിക്കുന്നുവെന്നതാണ് കുടംബശ്രീ ഹോട്ടലുകളെ ജനകീയമാക്കുന്നത്.-
റിൻസ് സുരേഷ് കുമാർ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ.
......................
ഊണ് ( പാഴ്സൽ ) - 20 രൂപ
ഹോം ഡെലിവറി - 25 രൂപ
....................
ഒരു ഹോട്ടലിൽ 3 മുതൽ 8 വരെ ജീവനക്കാർ
........................
..............................
34
ജില്ലയിൽ ലാഭകരമായി പ്രവർത്തിക്കുന്ന കുടംബശ്രീ ഹോട്ടലുകൾ 34
28
ഇവയിൽ 28 എണ്ണം ഗ്രാമപ്രദേശങ്ങളിലാണ് പ്രവർത്തനം
....................
8
ഈ മാസം 8 പുതിയ ഹോട്ടലുകൾ ആരംഭിക്കും
.......................................