ആലപ്പുഴ : എം.ബി.എക്കു ശേഷം സ്വകാര്യ കമ്പനിയിൽ ജോലി. പിന്നീട്, കൊറിയർ സർവീസിലേക്ക്. ഇപ്പോൾ തേങ്ങാ കച്ചവടം. ജീവിക്കാനായി ആലപ്പുഴ കളർകോട് സ്വദേശി ജോസഫ് ജെയിംസ് എന്ന 31കാരൻ ഏറ്റെടുത്ത വേഷങ്ങളാണിത്. പഴയ ബാർട്ടർ സംവിധാനത്തിൽ ബിസിനസ് ആരംഭിക്കുക. പിന്നെ, സിനിമാ ലോകത്തും ഒരു കൈ നോക്കുക. ഇതൊക്കെയാണ് ഇനിയുള്ള സ്വപ്നങ്ങൾ.
ജോസഫിന്റെ ജീവിതകഥ ഇങ്ങനെ: എം.ബി.എ പൂർത്തിയായ ശേഷം വിദേശ കമ്പനിയിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചെങ്കിലും അധികം വൈകാതെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. ആദ്യ ബിസിനസായി രണ്ട് വർഷം മുമ്പ് കൊറിയർ സർവീസ് ആരംഭിച്ചു. തട്ടിയും മുട്ടിയും മുന്നോട്ട് പോകുന്നതിനിടെയാണ് കൊവിഡിന്റെ വരവ്. ഇതോടെ കൊറിയർ വണ്ടിക്ക് സഡൻ ബ്രേക്കിടേണ്ടി വന്നു. പ്രായമായ മാതാപിതാക്കൾ, ഭാര്യ, കുഞ്ഞ്, വാടക വീട്... ഇതോർത്തപ്പോൾ തോറ്റ് പിൻമാറാൻ തയ്യാറായില്ല. സുഹൃത്തുക്കൾ ചക്കിലാട്ടിയ വെളിച്ചെണ്ണ വിൽപ്പന ആരംഭിച്ചതോടെ, തേങ്ങക്കച്ചവടത്തിൽ പരീക്ഷണം നടത്താമെന്ന് ജോസഫ് തീരുമാനിച്ചു. നവമാദ്ധ്യമങ്ങളെ കച്ചവടകേന്ദ്രങ്ങളാക്കി ഏഡൻസ് ഗാർഡൻസ് എന്ന ബോർഡും വെച്ചു. കേട്ടറിഞ്ഞെത്തിയ നാട്ടുകാരും കൂട്ടുകാരുമായിരുന്നു ആദ്യ ഉപഭോക്താക്കൾ. ഇപ്പോൾ ഹോൾസെയിൽ വ്യവസ്ഥയിൽ തേങ്ങ വാങ്ങുന്ന വ്യാപാരികൾ ഉൾപ്പെടെ ജില്ലയാകെ നീളുകയാണ് ജോസഫിന്റെ ഉപഭോക്താക്കളുടെ പട്ടിക. കുട്ടനാട്ടിൽ നിന്നടക്കം ശേഖരിക്കുന്ന തേങ്ങ പൊതിച്ചും, അല്ലാതെയും ആവശ്യക്കാരന്റെ വീട്ടുപടിക്കലെത്തിക്കും. കൊറിയർ സർവീസ് നടത്തിയിരുന്ന വാൻ ഇന്ന് ആയിരക്കണക്കിന് തേങ്ങകൾകൊണ്ട് നിറയുകയാണ്. ജെയിംസും, സൂസമ്മയുമാണ് മാതാപിതാക്കൾ. ഭാര്യ രേഷ്മ ജോണിനാണ് നവമാദ്ധ്യമത്തിലെത്തുന്ന ഓർഡറുകൾ കൈകാര്യം ചെയ്യാനുള്ള ചുമതല. മകൻ ഏദൻ.
മനസിൽ സിനിമ
പുതിയ സംരംഭം ക്ലിക്കായതിന്റെ സന്തോഷത്തിനിടയിലും തന്റെ ജിവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സിനിമയാണെന്ന് ജോസഫ് പറയുന്നു. ഡ്രൈവിംഗ് ലൈസൻസ്, മാസ്റ്റർ പീസ് തുടങ്ങിയ ചിത്രങ്ങളിൽ മുഖം കാണിച്ചിട്ടുണ്ട്. യൂ ടൂബിൽ റിലീസ് ചെയ്ത 'കൈകൾ', സൈക്കോ ത്രില്ലർ 'സീത്കാരം' തുടങ്ങിയ ഷോർട്ട് ഫിലിമുകളുടെ സംവിധായകനാണ് . ഒരു സിനിമയുടെ തിരക്കഥ തയാറാക്കി സംവിധായകരുമായുള്ള ചർച്ച പുരോഗമിക്കുകയാണ്.
ബാർട്ടറിലേക്ക് മടങ്ങാൻ
പഴയ കാലത്തെ ബാർട്ടർ സമ്പ്രദായത്തിന്റെ ചുവടുപിടിച്ച് തേങ്ങയ്ക്ക് പകരം കുടംപുളിയും കുരുമുളകും തേനുമെല്ലാം കൈമാറാനുള്ള ആശയമുണ്ട് ജോസഫിന്റെ മനസിൽ. അതിനുള്ള അംഗീകൃത ലൈസൻസ് സ്വന്തമാക്കുകയാണ് അടുത്ത ലക്ഷ്യം.