ആലപ്പുഴ: എസ്.എൻ.ഡി.പി. യോഗത്തിനും നേതൃത്വത്തിനും എതിരെ കള്ളപ്രചാരണങ്ങൾ നടത്തുകയും അനാവശ്യ സമരങ്ങൾ നടത്തുകയും ചെയ്യുന്നവർ കനത്ത വില നൽകേണ്ടി വരുമെന്ന് എസ്.എൻ.ഡി.പി.യോഗം ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയൻ മുന്നറിയിപ്പ് നൽകി.
കെ.കെ.മഹേശന്റെ മരണത്തിന്റെ പേരിൽ യോഗം നേതാക്കളെ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്തുവാൻ ശ്രമിക്കുന്നവർ സമുദായത്തിന്റെ ശത്രുക്കളാണെന്ന് മേഖലാ ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു.
സമുദായ ഐക്യത്തേയും സംഘടനാ ശക്തിയേയും നശിപ്പിക്കുന്നതിനായി അച്ചാരം വാങ്ങിയ അധികാര മോഹികളായ ചിലരാണ് സമരത്തിന് പിന്നിൽ . യോഗത്തെയും നേതാക്കളേയും അപമാനിക്കുവാൻ ചില ചാനലുകളും നവമാധ്യമങ്ങളും നടത്തുന്ന മാരത്തോൺ ചർച്ചകളിൽ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്തുന്നവർ യോഗത്തിന്റെ പ്രവർത്തനവുമായി പുലബന്ധം ഇല്ലാത്തവരാണ്.. യൂണിയനുകളുടെയും ശാഖകളുടെയും നേതാക്കളും പ്രവർത്തകരും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനൊപ്പം ശക്തമായി നിലകൊള്ളും . രാഷ്ട്രീയ വനവാസത്തിന്റെ പാതയിലുള്ള ചില കപട ആദർശ മുഖങ്ങൾ മറ്റു സമുദായങ്ങളുടെ കൈയടി ലക്ഷ്യമിട്ട് സമുദായ നേതൃത്വത്തെ അകാരണമായി വിമർശിക്കുവാൻ വീണ്ടും രംഗത്ത് വന്നത് ഈഴവ സമുദായം ഗൗരവമായി കാണുന്നു. ഈ വ്യക്തി സർവ്വപ്രതാപിയായിരുന്ന കാലഘട്ടത്തിൽ തന്റെ ലെറ്റർ പാഡിൽ സ്വന്തം പാർട്ടി ഭരിക്കുന്ന സർക്കാരിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണങ്ങളിൽ, വെള്ളാപ്പള്ളി നടേശനെതിരെ ഉന്നയിച്ച സകല ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞിരുന്നു. ഇപ്പോൾ പുതിയ പ്രസ്താവനയുമായി രംഗത്തു വന്നിരിക്കുന്നതിന്റെ ലക്ഷ്യം മാധ്യമ ശ്രദ്ധ നേടുകയാണ്. യോഗത്തിനെതിരെ ഇനിയും സമരാഭാസം തുടർന്നാൽ അത്തരക്കാരുടെ വീടുകളും സ്ഥാപനങ്ങളും ഉപരോധിക്കുന്നതടക്കമുള്ള കടുത്ത പ്രതിരോധം സംഘടിപ്പിക്കുവാൻ നിർബന്ധിതരാവുമെന്നും യോഗം മുന്നറിയിപ്പു നൽകി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ അഡ്വ. സിനിൽ മുണ്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൺവീനർ രാജൻ ഡ്രീംസ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഗോപൻ ആഞ്ഞിലിപ്ര, വിനു ധർമ്മരാജ്, സുരേഷ് പള്ളിക്കൽ എന്നിവർ സംസാരിച്ചു.