വള്ളികുന്നം . കോവിഡ് സമൂഹ വ്യാപന സാധ്യതയെ തുടർന്ന് അതീവ ജാഗ്രത. ചൂനാട് മാർക്കറ്റ് ഉൾപ്പെടെ വടക്കേ ജംക്ഷൻ മുതൽ തെക്കേ ജംഗ്ഷൻ വരെയുള്ള വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കാൻ വളളികുന്നം പഞ്ചായത്തുതല കോവിഡ് മോണിട്ടറിംഗ് കമ്മിറ്റിയും ആരോഗ്യ കേന്ദ്രവും നിർദേശം നൽകി. കായംകുളവും കുറത്തികാടുമുള്ള രാേഗികളുമായി സമ്പർക്കത്തിലായവർ ചൂനാട് ഉൾപ്പെടെ പ്രദേശങ്ങളിൽ ഇടപഴകിയതിനെ തുടർന്നാണു നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണു നിയന്ത്രണം . ചൂനാട് സമീപ പ്രദേശമായ ഭരണിക്കാവിലെ ഇലിപ്പക്കുളം പടിഞ്ഞാറ് 14 വാർഡ്, ഇലിപ്പക്കുളം 12 വാർഡുകളും കണ്ടെയ്ൻമെന്റ് സോണാക്കാനും ഇലിപ്പക്കുളം പഞ്ചായത്തംഗം ഫസൽനഗരൂർ ഉൾപ്പെടെ നൂറോളം പേർ ക്വാറന്റീനിൽ കഴിയാനും നിർദേശമുണ്ട്. വള്ളികുന്നം - ഭരണിക്കാവ് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ തോപ്പിൽമുക്ക് , കട്ടച്ചിറ പളളിക്കലേത്ത് എന്നിവിടങ്ങളിൽ പൊലീസ് ക്യാമ്പും ഏർപ്പെടുത്തി. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വള്ളികുന്നം സിഐ ഡി. മിഥുൻ, എസ് ഐ കെ.സുനു മോൻ എന്നിവർ അറിയിച്ചു.