rd

ഹരിപ്പാട്: കാൻസർ രോഗിയായ ഭാര്യയുമായി വഴക്കുണ്ടാക്കിയ വൃദ്ധൻ ഭാര്യാസഹോദരന്റെ വെട്ടേറ്റു മരിച്ചു. കുമാരപുരം എരിക്കാവ് മൂന്നുകുളങ്ങര വീട്ടിൽ ശ്രീകുമാരപിള്ള (65)യാണ് മരിച്ചത്. സംഭവത്തിൽ ഭാര്യാ സഹോദരൻ കൃഷ്ണൻ നായരെ (63) പൊലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. കൃഷ്ണൻ നായരുടെ സഹോദരി​ ലളിതയുടെ ഭർത്താവാണ് ശ്രീകുമാരപിള്ള.

ഭാര്യവീട്ടിലായിരുന്നു ശ്രീകുമാരപിള്ളയും കുടുംബവും താമസിച്ചിരുന്നത്. അവിവാഹിതനായ കൃഷ്ണൻ നായരും ഇവരോടൊപ്പമായിരുന്നു താമസം. ശ്രീകുമാരപിള്ള മദ്യപിച്ചെത്തി ലളിതയുമായി വഴക്കുണ്ടാക്കുക പതിവായിരുന്നു. വെള്ളിയാഴ്ച രാത്രിയിൽ ശ്രീകുമാരപിള്ള വഴക്കുണ്ടാക്കുന്നതിനിടെ കൃഷ്ണൻനായർ ഇടപെടുകയും ഇവർ തമ്മിൽ കയ്യേറ്റമുണ്ടാകുകയും ചെയ്തു. ഇതിനിടെ കൃഷ്ണൻനായർ വെട്ടുകത്തി ഉപയോഗിച്ച് ശ്രീകുമാരപിള്ളയുടെ തോളിലും വലതുതുടയിലും വെട്ടി. ലളിത വിവരം അറിയിച്ചതുനസരിച്ച് ചെട്ടികുളങ്ങരയിൽ താമസിക്കുന്ന മരുമകനെത്തി വെട്ടേറ്റ് വീട്ടിൽ കിടന്ന ശ്രീകുമാരപിള്ളയെ 108 ആംബുലൻസിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിനു ശേഷം വീട്ടിൽ തന്നെ കഴിഞ്ഞ കൃഷ്ണൻ നായരെ ഇന്നലെ രാവിലെ പൊലീസെത്തി അറസ്റ്റ് ചെയ്തു. ഇയാളെ കായംകുളത്തെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാക്കി.

ഡി.വൈ.എസ്.പി അലക്സ് ബേബിയുടെ നിർദേശപ്രകാരം തൃക്കുന്നപ്പുഴ സി.ഐ ആർ.ജോസ്, എസ്.ഐ ആനന്ദ ബാബു, ജൂനിയർ എസ്.ഐ ജയപ്രകാശ്, ഗ്രേഡ് എസ്.ഐ സുനിൽ കുമാർ, എ.എസ്.ഐ പ്രദീപ്, സി.പി.ഒ ബാബു എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൃഷ്ണൻ നായർക്ക് പ്രത്യേക ജോലിയൊന്നുമില്ല. മരിച്ച ശ്രീകുമാരപിള്ള കരാർ ജോലികൾ ഏറ്റെടുത്ത് നടത്തുന്നയാളായിരുന്നു. മക്കൾ: അഞ്ജലി, അഞ്ജന. മരുമക്കൾ: കണ്ണൻ, ശ്രീജിത്ത്.