മാവേലിക്കര: കണ്ടെയിന്റ്മെന്റ് സോണായി പ്രഖ്യാപിച്ച തെക്കേക്കര പഞ്ചായത്തും ഭരണിക്കാവിലെ വാർഡുകളും ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവും ചെങ്ങന്നൂർ ഡിവൈ.എസ്.പി പി.വി ബേബിയും സന്ദർശിച്ചു ക്രമീകരണങ്ങൾ വിലയിരുത്തി. നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് ഇരുവരും അറിയിച്ചു. തെക്കേക്കര പഞ്ചായത്തിനോട് ചേർന്ന് തഴക്കര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏറെ തിരക്കുള്ള കല്ലുമല ചന്ത താത്കാലികമായി നിർത്തിവെച്ചു. കുരുട്ടേത്ത്, ചുണ്ടക്കാവിള, മേപ്പള്ളി മുക്ക്, ചെറുപുഷ്പയ്ക്ക് പടിഞ്ഞാറ് ഭാഗം, മുറിവായ്ക്കര, കണ്ണാട്ടുമോടി, കല്ലുമല തെക്ക്, പുന്നമൂട് ളാഹ, പല്ലാരിമംഗലം, ഓലകെട്ടി, കുറത്തികാട് പഴയ പൊലീസ് സ്റ്റേഷൻ പാലം, പറങ്ങോടി, വാത്തികുളം എന്നിവിടങ്ങളിലൂടെ തെക്കേക്കര പഞ്ചായത്തിലേക്ക് കടക്കുന്ന പ്രധാന വഴികൾ പൂർണ്ണമായി അടച്ചു. ഭരണിക്കാവ് പഞ്ചായത്തിലെ കണ്ടയിന്റ്മെന്റ് സോണായ 13ാം വാർഡിലേക്ക് പ്രവേശിക്കുന്ന കല്ലുംപുറം, കാഞ്ഞിരപ്പള്ളി, ഇടയശ്ശേരി ക്ഷേത്രത്തിന് തെക്ക് വശം, പ്ലാക്കാട്ട്, കൈപ്പള്ളി, പോക്കാട്ട് മുക്ക്, നല്ലോട്ടി മുക്കിന് വടക്ക് എന്നീ വഴികളും പൂർണ്ണമായി അടച്ചു. വാർഡിലേക്ക് തോപ്പിൽ മുക്ക് വഴി മാത്രമേ പ്രവേശിക്കാനാവൂ.