 ഇളവുകൾ ദുരുപയോഗം ചെയ്താൽ കർശന നടപടി

ആലപ്പുഴ: ജില്ലയിൽ കഴിഞ്ഞ പത്ത് ദിവസത്തിനുളളിൽ കൊവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണവും അതീവജാഗ്രത നിർദേശവുമായി ജില്ല ഭരണകൂടം.

കുട്ടനാട് ഒഴികെ മറ്റെല്ലാ താലൂക്കുകളിലും കണ്ടെയ്ൻമെന്റ് സോണുകൾ ഉണ്ട്. ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് വ്യാപകമാണ്. സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ അതിരൂക്ഷമായ പ്രത്യാഘാതങ്ങളുണ്ടാകും. പൊതുസ്ഥലങ്ങളിൽ പോകുന്നതും കൂട്ടംകൂടുന്നതും കർശനമായി ഒഴിവാക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. സാമൂഹിക അകലം പാലിച്ചുകൊണ്ടു മാത്രമെ പൊതുസ്ഥലങ്ങളിൽ അത്യാവശ്യ കാര്യങ്ങൾക്കാണെങ്കിലും പോകാവൂ. മാസ്‌ക് നിർബന്ധമായും ധരിക്കണം.

കായംകുളംനഗരസഭ, ആറാട്ടുപുഴ, തെക്കേക്കര പഞ്ചായത്തുകൾ എന്നിവ പൂർണ്ണമായും കണ്ടെയിൻമെന്റ് സോണുകളാണ്. കായംകുളത്ത് സമ്പർക്കത്തിലൂടെ കുടുംബത്തിലെ 11പേർക്കാണ് രോഗം വ്യാപിച്ചത്. ആറാട്ടുപുഴയിലും പട്ടണക്കാട്ടും തെക്കേക്കരയിലും മത്സ്യ വ്യാപാരവുമായി ബന്ധപ്പെട്ടാണ് സാമൂഹിക വ്യാപനത്തിന് വഴിയൊരുക്കിയതെന്നാണ് നിഗമനം. എന്നാൽ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടുമില്ല. ഓരോദിവസവും ജില്ലയിൽ രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്നത് ആശങ്ക പകരുന്നു. ജില്ലയിലെ തീരപ്രദേശങ്ങളിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. അനാവശ്യ ഗൃഹസന്ദർശനങ്ങളും സുഹൃത് സംഗമങ്ങളും കർശനമായും ഒഴിവാക്കണം. അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിദേശം. ജനങ്ങളുടെ ഒത്തു ചേരൽ പരമാവധി ഒഴിവാക്കണമെന്നും ട്യൂഷൻ സെന്ററുകളുടെ പ്രവർത്തനം പാടില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പൊലീസ്, ആരോഗ്യം, തദ്ദേശസ്വയംഭരണം, ഭക്ഷ്യസുരക്ഷ, റവന്യു വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധന കൂടുതൽ ശക്തമാക്കൻ നിർദേർശം നൽകി.

...........................................................

 കായംകുളം നഗരസഭയിൽ വ്യാപാരിക്കും കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചത് സ്ഥിതിഗതികൾ രൂക്ഷമാക്കി

 ആറാട്ടുപുഴ,പട്ടണക്കാട് ഗ്രാമ പഞ്ചായത്തുകളിൽ രോഗബാധ സ്ഥിരീകരിച്ച സ്ത്രീകളുടെ, രോഗ ഉറവിടം കണ്ടെത്താനായില്ല

 ഇവരുടെ ഭർത്താക്കന്മാർ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ

 സമ്പർക്കം വ്യാപകം, ഇവിടെ മത്സ്യബന്ധനവും വിപണനവും നിരോധിച്ചു

 ഈ വാർഡുകളിൽ നിരീക്ഷണം ശക്തം

 മാർക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും കർശന നിയന്ത്രണം

..........................................................

# ട്യൂഷനുകൾ ഒഴിവാക്കണം

സമ്പർക്കം മൂലമുളള കൊവിഡ് കേസുകൾ ജില്ലയിലും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയാൻ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്ന് കളക്ടർ അറിയിച്ചു. ലോക്ക്ഡൗൺ ഇളവുകൾ പലപ്പോഴും ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലും വീടുകളിലും ട്യൂഷൻ എടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം ക്ലാസുകൾ ഒഴിവാക്കേണ്ടതാണ്. സർക്കാർ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ട്യൂഷൻ ക്ലാസുകൾ തുടരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

# കണ്ടെയ്ൻമെന്റ് സോൺ

മാവേലിക്കര താലൂക്ക് തെക്കേക്കര പഞ്ചായത്തിൽ കൊവിഡ് സ്ഥിരീകരിച്ച മത്സ്യക്കച്ചവടക്കാരൻ കച്ചവടം നടത്തിയതിനാൽ സാമൂഹിക വ്യാപനം തടയാൻ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. ഭരണിക്കാവ് 5,13,16, നൂറനാട് 15, ചെന്നിത്തല 14, പാലമേൽ 14 വാർഡുകളിലും കണ്ടെയ്ൻമെന്റ് സോൺ ആക്കിയിട്ടുണ്ട്. ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ നഗരസഭയിലെ 14,15, പാലമേൽ പഞ്ചായത്തിലെ 14, നൂറനാട് 15 വാർഡുകളും അമ്പലപ്പുഴ താലൂക്കിലെ പുന്നപ്ര പഞ്ചായത്ത് രണ്ടാം വാർഡും, ആലപ്പുഴ നഗരസഭയിലെ 50-ാം വാർഡും ചേർത്തല താലൂക്കിലെ പട്ടണക്കാട് പഞ്ചായത്ത് 16, തുറവൂർ 1,16,18, കുത്തിയതോട് 1,16, അരൂർ ഒന്ന്, കാർത്തികപ്പള്ളി താലൂക്കിലെ കായംകുളം നഗരസഭ, ആറാട്ടുപുഴ പഞ്ചായത്തിലെ മുഴുവൻ വാർഡുകൾ, കാർത്തികപ്പള്ളി ഏഴാം വാർഡ്, ചെറുതന മൂന്നാം വാർഡ് എന്നിവയും കണ്ടെയ്ൻമെന്റ് സോണുകളാണ്.