ആലപ്പുഴ:കടൽക്കൊല കേസിൽ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കാതിരുന്നത് കേന്ദ്രസർക്കാരിന്റെ ഗുരുതര വീഴ്ച കൊണ്ടാണെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ആരോപിച്ചു. കുറ്റക്കാരായ ഇറ്റാലിയൻ നാവികരെ ക്രിമിനൽ നടപടികളിൽ നിന്നു ഒഴിവാക്കി നഷ്ടപരിഹാരത്തിലൊരുക്കിയ അന്താരാഷ്ട്ര ട്രിബ്യൂണൽ വിധി, രാജ്യത്തിന് പരമാധികാരമുള്ള സമുദ്റാതിർത്തിയിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ ഇടപെടാൻ കഴിയില്ലെന്ന തെറ്റായ സന്ദേശം നൽകുന്നതാണ്.
സുപ്രീം കോടതിയിൽ നേരത്തെ കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലമനുസരിച്ച് ട്രിബ്യൂണൽ വിധിക്കെതിരെ അപ്പീൽ പോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. അർഹമായ നഷ്ടപരിഹാരം ലഭിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.