പദ്ധതി പുനരാരംഭിക്കുന്നത് പാലമേൽ പഞ്ചായത്തിൽ
ആലപ്പുഴ: തെരുവു നായ്ക്കളുടെ വന്ധ്യംകരണം (എ.ബി.സി പദ്ധതി) ഒരു ഇടവേളയ്ക്ക് ശേഷം ജില്ലയിൽ ആരംഭിക്കുന്നു. ലോക്ക്ഡൗണിൽ മുടങ്ങിയ പദ്ധതി പുനരാരംഭിക്കുന്നത് മാവേലിക്കര താലൂക്കിലെ പാലമേൽ പഞ്ചായത്തിലാണ്.
പദ്ധതി മുടങ്ങിയതോടെ ജില്ലയിൽ തെരുവ് നായ്ക്കളുടെ ആക്രമണവും ശല്യവും വീണ്ടും രൂക്ഷമായിരുന്നു. ജില്ലയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ജനങ്ങൾ ഇരയാകാത്ത ഒരു ദിവസം പോലുമില്ലാത്ത അവസ്ഥയായി. ബസ് സ്റ്റാൻഡുകളും റെയിൽവേ സ്റ്റേഷനുകളും നായകൾ കീഴടക്കിയിരിക്കുകയാണ്. കഴിഞ്ഞ ഏഴു മാസത്തിനുള്ളിൽ വിദേശികൾ അടക്കം ജില്ലയിൽ മൂവായിരത്തിലധികം പേർക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ആലപ്പുഴ നഗരം, ബീച്ച്, നഗരത്തിലെ വിവിധ റോഡുകൾ, ചാരൂംമൂട്, മാവേലിക്കര, കായംകുളം, ചിറക്കടവം, പുള്ളിക്കണക്ക്, കൊറ്റുകുളങ്ങര, കന്നീശാകടവ് പാലത്തിന് സമീപം, കലവൂർ, ചേർത്തല, പൂച്ചാക്കൽ, പുന്നപ്ര, അമ്പലപ്പുഴ ചേർത്തല, പട്ടണക്കാട്, തുറവൂർ, അമ്പലപ്പുഴ എന്നിവടങ്ങളിലാണ് സമീപകാലത്ത് തെരുവ് നായ്ക്കളുടെ അക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റത്.
തെരുവ് നായ്ക്കളുടെ ശല്യത്തെ തുടർന്ന് 2015ൽ മൃഗസംരക്ഷണ വകുപ്പ് നേരിട്ടാണ് ആദ്യഘട്ടത്തിൽ വന്ധ്യംകരണ പദ്ധതി നടത്തിയത്. എല്ലാ താലൂക്കുകളിലും തെരുവു നായ വന്ധ്യംകരണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് ലക്ഷ്യമിട്ടെങ്കിലും ജില്ലയിൽ ചേർത്തല, മാവേലിക്കര താലൂക്കുകളിൽ മാത്രമാണ് പ്രാവർത്തികമാക്കിയത്. ചേർത്തല താലൂക്കിലെ കണിച്ചുകുളങ്ങരയിലും മാവേലിക്കര മൃഗാശുപത്രിയിലുമാണ് വന്ധ്യംകരണ സെന്ററുകൾ. 2018 ഡിസംബറിലാണ് കുടുംബശ്രീ ജില്ലയിൽ തെരുവുനായ വന്ധ്യംകരണം പദ്ധതിയുടെ നടത്തിപ്പ് ചുമതല ഏറ്റെടുത്തത്. രണ്ട് സെന്ററുകളിലും രണ്ട് ഗ്രൂപ്പുകളാണ് ഇതിനായി രംഗത്തുള്ളത്. കുടുംബശ്രീ വനിതകളും പുരുഷൻമാരും ചേർന്നാണ് നായ്ക്കളെ പിടികൂടി വന്ധ്യംകരണ യൂണിറ്റിൽ എത്തിക്കുന്നത്.
പദ്ധതി കുടുംബശ്രീ മിഷന്
ജില്ലാ ആസ്ഥാനമായ ആലപ്പുഴയിൽപ്പോലും വന്ധ്യംകരണ കേന്ദ്രമില്ല എന്നതും ശ്രദ്ധേയമാണ്. തദ്ദേശഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് തെരുവുനായ വന്ധ്യംകരണ പദ്ധതി ജില്ലാ കുടുംബശ്രീ മിഷൻ ഏറ്റെടുത്ത്. 2100 രൂപയാണ് ഒരു തെരുവുനായയുടെ വന്ധ്യംകരണത്തിന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ നീക്കിവച്ചിട്ടുള്ളത്. ഇതിൽ 1700 രൂപ കുടുംബശ്രീ യൂണിറ്റിനും ഇൻസെന്റീവായി 400 രൂപ വെറ്ററിനറി ഡോക്ടർക്കുമാണ് നൽകുന്നത്. വന്ധ്യംകരണത്തിന് ശേഷം ഭക്ഷണം, മരുന്ന്, യാത്ര ഇതിനുള്ള തുക കുടുംബശ്രീ യൂണിറ്റാണ് വഹിക്കേണ്ടത്. ഗ്രാമ പഞ്ചായത്തിൽ പിടിക്കുന്ന നായ്ക്കളുടെ എണ്ണത്തിന് അനുസരിച്ച് ഓരോ നായയ്ക്കും 2100രൂപ നിരക്കിൽ ജില്ലാ പഞ്ചായത്തിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ഫണ്ടിൽനിന്ന് കുടുംബശ്രീക്ക് കൈമാറും. കുടുംബശ്രീ ജില്ലാമിഷനാണ് തുക കുടുംബശ്രീ യൂണിറ്റിനും ഡോക്ടർക്കും കൈമാറുന്നത്. 2018 മുതൽ കഴിഞ്ഞ മാർച്ച് വരെ ജില്ലയിൽ 6124 നായകളെ വന്ധ്യംകരണം നടത്തി.
.......................................
സംസ്ഥാനത്ത് തെരുവുനായ്ക്കകളുടെ മികച്ച വന്ധ്യംകരണ യൂണിറ്റുകളിൽ ഒന്നാണ് ആലപ്പുഴ. ജില്ലാ പഞ്ചായത്തും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമാണ് ആവശ്യമായ ഫണ്ട് അനുവദിക്കുന്നത്. നിലവിൽ പദ്ധതി നടത്തിപ്പിന് ഫണ്ടിന്റെ തടസമില്ല
(സെവ്യർ, അസി. കോ ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ)
...............................
2018ഡിസംബർ മുതൽ കഴിഞ്ഞ മാർച്ച് വരെ വന്ധ്യംകരിച്ചത് 6124
ഒരു നായയ്ക്ക് വേണ്ടി ജില്ലാപഞ്ചായത്ത് നൽകുന്നത് 2100 രൂപ
കുടുംബശ്രീ യൂണിറ്റിന് 1700 രൂപ
ഡോക്ടർക്ക് 400രൂപ
ജില്ലയിലെ വന്ധ്യംകരണ സെന്ററുകൾ കണിച്ചുകുളങ്ങര, മാവേലിക്കര