ചേർത്തല:എസ്.എൻ.ഡി.പി യോഗ നേതൃത്വത്തിന്റെ വിശ്വാസം പിടിച്ചുപറ്റി ഔദ്യോഗിക സ്ഥാനമാനങ്ങൾ നേടിയ ശേഷം യോഗത്തെയും നേതൃത്വത്തെയും ചെളി വാരിയെറിയുന്ന കുലംകുത്തികളെ സമുദായം ഒറ്റപ്പെടുത്തിയചരിത്രമാണുള്ളതെന്ന് ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്ര എക്സിക്യുട്ടിവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. മൈക്രോഫിനാൻസ് പദ്ധതിക്ക് തുരങ്കം വച്ചവർക്ക് സമുദായം മാപ്പ് കൊടുക്കില്ല. പടനായകനെ വീഴ്ത്തി പടയെ ഛിന്നഭിന്നമാക്കി അധികാരം കയ്യാളാമെന്നുള്ള സ്വാർത്ഥമോഹം എസ്.എൻ.ഡി.പി യോഗത്തിൽ നടപ്പാവില്ല. നേതാവില്ലാത്ത പ്രസ്ഥാനമെന്ന് ആക്ഷേപിക്കപ്പെട്ട യോഗത്തെ ശാഖാതലം മുതൽ ശക്തരായ നേതാക്കളുള്ള പ്രസ്ഥാനമാക്കി മാറ്റിയ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കും എതിരെയുള്ള നുണ പ്രചരണങ്ങളെ നേരിമെന്നും യോഗം വ്യക്തമാക്കി. പ്രസിഡന്റ് എ.അജുലാൽ അദ്ധ്യക്ഷനായി. വീഡിയോ കോൺഫറൻസ് വഴി നടത്തിയ യോഗത്തിൽ കോ-ഓർഡിനേറ്റർ പി.വി. രജിമോൻ,സെക്രട്ടറി ഡോ. വി.ശ്രീകുമാർ, ട്രഷറർ ബി.ശിവപ്രസാദ്, വൈസ് പ്രസിഡന്റുമാരായ ബിജു പുളിക്കലേടത്ത്,ഷിബു കൊറ്റമ്പള്ളി, കെ.പി.ഗോപാലകൃഷ്ണൻ, ജോയിന്റ് സെക്രട്ടറിമാരായ ദിനു വാലുപറമ്പിൽ, കുട്ടനാട് ഗോകുൽദാസ്,സുനിൽ താമരശേരി, ജിജി രാജാക്കാട്, എം.എം.മജേഷ് ഹൈറേഞ്ച്, ഷിബു ശശി എന്നിവർ പങ്കെടുത്തു.