ചേർത്തല:വസ്തുതർക്കത്തിൽ ക്വട്ടേഷൻ അക്രമം നടത്തിയ കേസിൽ പ്രധാന പ്രതിയായ സുപ്രീംകോടതി അഭിഭാഷകനെ പിടികൂടാൻ പൊലീസിന് വിമുഖത. ഒന്നാം പ്രതിയായ, അരീപ്പറമ്പ് സ്വദേശി അഡ്വ. ബാലകൃഷ്ണപിള്ളയാണ് സുരക്ഷിതനായി കഴിയുന്നത്.
ഇയാളുടെ ബന്ധുവായി മുനിസിപ്പൽ 21-ാം വാർഡ് അരീപ്പറമ്പ് കുന്നേൽവെളി സുരേഷിനെ (48) അക്രമിച്ച കേസിൽ, പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയടക്കം നാലുപേർ സംഭവ സ്ഥലത്തുനിന്നു ചേർത്തല പൊലീസിന്റെ പിടിയിലായിരുന്നു. ബാലകൃഷ്ണപിള്ളയ്ക്ക് ഗുണ്ടാ സംഘത്തെ ബന്ധപ്പെടുത്തി നൽകിയ ചേർത്തലക്കാരനായ ഇടനിലക്കാരനും പിടിയിലാവാനുണ്ട്. ഇരുവരും ഒളിവിലാണെന്നും ഫോൺനമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായും സി.ഐ പി.ശ്രീകുമാർ പറഞ്ഞു.
മൂന്നു കൊലപാതകമുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയും നിലവിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്നതുമായ ഗുണ്ടാനേതാവ് തൃശൂർ സ്വദേശി കുഞ്ചൻ രാഗേഷിന്റെ (43) പരോൾ റദ്ദാക്കാനായി ചേർത്തല പൊലീസ് ജയിൽ വകുപ്പിന് റിപ്പോർട്ട് കൈമാറി.