ആലപ്പുഴ:എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള കരുത്ത് കേരളത്തിലെ യുവതലമുറയ്ക്കുണ്ടെന്ന് മന്ത്രി പി.തിലോത്തമൻ അഭിപ്രായപ്പെട്ടു.
ജില്ല പഞ്ചായത്തിന്റെ ഇ @ മാരാരി 14-ാമത് ഓൺലൈൻ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്റി.
പ്രതിസന്ധി ഘട്ടത്തെ എങ്ങനെ തരണം ചെയ്യാമെന്ന് എസ്.എസ്.എൽ.സി പരീക്ഷയുടെ ഉജ്ജ്വല വിജയത്തിലൂടെ പുതുതലമുറ കാട്ടിത്തന്നു. കൊവിഡ് കാലത്ത് പരീക്ഷ നടത്തുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. കുട്ടികളുടെ ഭാവിയെയും ഉന്നത പഠനത്തെയും ബാധിക്കാതിരിക്കാൻ കൃത്യ സമയത്ത് പരീക്ഷ നടത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു. കുട്ടികൾ നേടിയ ഈ വിജയം പൊതു വിദ്യാഭ്യാസ രംഗത്തിന്റെ നേട്ടമാണെന്നും മന്ത്റി പറഞ്ഞു. എസ്.എൽ പുരം വയലാർ രാമവർമ്മ സ്മാരക വായനശാലയിൽ നടന്ന ചടങ്ങിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 10,000 രൂപ മുഖ്യമന്ത്റിയുടെ കൊവിഡ് ഫണ്ടിലേക്കു കൈമാറി. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി മാത്യു അദ്ധ്യക്ഷത വഹിച്ചു. കഞ്ഞിക്കുഴി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ചെയർമാൻ എസ്. രാധാകൃഷ്ണൻ, വാർഡ് അംഗം പൊന്നമ്മ പൊന്നൻ, യൂത്ത് കോ ഓർഡിനേറ്റർ അനിൽകുമാർ, വായനശാല സെക്രട്ടറി ജോഷ്യ എസ് മാലൂർ, പ്രസിഡന്റ് പി. ഉത്തമൻ തുടങ്ങിയവർ പങ്കെടുത്തു.