ആലപ്പുഴ:തോട്ടപ്പള്ളിയിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നത് സർക്കാരാണെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു ആരോപിച്ചു. യാതൊരു പരിസ്ഥിതി ആഘാത പഠനവും നടത്താതെ വൻതോതിൽ കരിമണൽ കടത്തുന്ന സർക്കാർ നടപടിക്കെതിരെ തീരദേശത്തെയും കുട്ടനാടിനേയും രക്ഷിക്കാനാണ് ജനങ്ങൾ സമരം ചെയ്യുന്നത്. രൂക്ഷമായ കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ട 145 കുടുംബങ്ങൾ സ്‌കൂളിൽ കഴിയുന്ന പുറക്കാട് പഞ്ചായത്തിൽ നാടും വീടും രക്ഷിക്കാനായി സമര രംഗത്തേക്കിറങ്ങാൻ ജനങ്ങളെ നിർബന്ധിതരാക്കിയത് സർക്കാരിന്റെ കടുംപിടുത്തമാണ്. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ തകർക്കുന്നത് സർക്കാരാണ്. അമ്പലപ്പുഴയിലെ ജനപ്രതിനിധിയും ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്റിയുമായ ജി.സുധാകരൻ ഖനന പ്രദേശം സന്ദർശിക്കാതെ പ്രക്ഷോഭത്തെ കുറ്റപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. ഗുരുതര സാഹചര്യം കണക്കിലെടുത്തു കരിമണൽ കടത്തു നിറുത്തിവയ്ക്കാൻ സർക്കാർ തയ്യാറാകണമെന്നും ലിജു ആവശ്യപ്പെട്ടു.