മനുഷ്യർക്ക് മാത്രമല്ല, നാട്ടുകാരുടെ ചവിട്ടും മെതിയും ഏൽക്കാൻ വിധിക്കപ്പെട്ട പാലങ്ങൾക്കും ചിലപ്പോൾ രാജയോഗം കിട്ടും.അത്തരം ഒരു രാജയോഗത്തിൽ വല്ലാതങ്ങു തിങ്ങിവിങ്ങി നിൽക്കുകയാണ് ആലപ്പുഴ നഗരത്തിലെ ഒരു പാലം.തിരുമല-പള്ളാത്തുരുത്തി പ്രദേശങ്ങളെ ബന്ധിപ്പിച്ച് അമൃത് പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച ഔട്ട്പോസ്റ്ര് പാലത്തിനാണ് അപ്രതീക്ഷിത രാജയോഗം.
കേരളത്തിൽ പല പാലങ്ങൾക്കും പല തവണ ശിലാസ്ഥാപനം നടത്തിയ വാർത്തകൾ നാം കേട്ടിട്ടുണ്ട് .മന്ത്രിസഭകളും മുന്നണികളും മാറുന്നതിനെ അടിസ്ഥാനമാക്കിയാവും തറക്കല്ലിടൽ ചടങ്ങുകളുടെ എണ്ണം പലപ്പോഴും ഇങ്ങനെ കൂടാറുള്ളത്. എന്നാൽ ഔട്ട്പോസ്റ്റ് പാലത്തിന് കിട്ടിയ ഭാഗ്യം മറ്രൊന്നാണ് .ഒരേ ദിവസം മിനിട്ടുകളുടെ വ്യത്യാസത്തിൽ രണ്ട് ഉദ്ഘാടനങ്ങൾ. ആദ്യം മന്ത്രി ഉദ്ഘാടനം ചെയ്തു, പിന്നെ നഗരസഭാ ചെയർമാൻ ഉദ്ഘാടനം ചെയ്തു.തന്റെ ഉദ്ഘാടനത്തിന് വേണ്ടത്ര ഗരിമ കിട്ടാത്തതുകൊണ്ടാവണം നഗരസഭാ ചെയർമാൻ ഇപ്പോൾ നടത്തിയ ഉദ്ഘാടനത്തിന് സുല്ലിട്ട്, വീണ്ടും ഒരു ഉദ്ഘാടനം കൂടി നടത്താനുള്ള ഒരുക്കത്തിലാണ്. അങ്ങനെയെങ്കിൽ പാലത്തിന്റെ രാജയോഗം വീണ്ടും ഉയരും. മൂന്ന് ഉദ്ഘാടന മാമാങ്കത്തിന് വിധേയമായ പാലം എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും.
ഉദ്ഘാടന ചടങ്ങ് വിവാദമായപ്പോൾ വിതുമ്പിപ്പോയത് രണ്ട് ദുർബ്ബല ഹൃദയങ്ങളാണ്. മന്ത്രി ജി.സുധാകരന്റെയും ആലപ്പുഴ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോന്റെയും. പാർട്ടിയും പ്രവർത്തന ശൈലിയുമൊക്കെ രണ്ടാണെങ്കിലും കഴിഞ്ഞ കുറേക്കാലമായി ചക്കരയും തേങ്ങയും പോലെയാണ് രണ്ടുപേരുമെന്നാണ് കുശുമ്പു മൂത്ത ചിലർ രാഷ്ട്രീയ ദ്രോഹികൾ പറഞ്ഞു പരത്തുന്നത്.നഗരസഭ എന്തെങ്കിലും നല്ലകാര്യം ചെയ്താൻ ജില്ലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ സുധാകരൻ അഭിനന്ദിക്കും.നല്ല കാര്യങ്ങളെ അഭിനന്ദിക്കുന്നത് അദ്ദേഹത്തിന് ജന്മനാലുള്ള ശീലമാണ്.അഴിമതിക്കാരെ കണ്ടാൽ കടിച്ചുകീറുന്ന മന്ത്രി സുധാകരനോട് തികഞ്ഞ ഗാന്ധിയനായ ഇല്ലിക്കൽ കുഞ്ഞുമോന് വലിയ ആരാധനയും. കോൺഗ്രസുകാർക്ക് ഇക്കാര്യത്തിൽ കുഞ്ഞുമോനോട് തെല്ല് അമർഷവുമുണ്ട്. അങ്ങനെയുള്ള രണ്ട് പേരാണ് ഇപ്പോഴത്തെ ഉദ്ഘാടനത്തിന്റെ പേരിൽ ആരോപണ പ്രത്യാരോപണങ്ങളിൽ പെട്ടത്.
23.5 ലക്ഷത്തോളം ചെലവു വന്ന പാലത്തിന്റെ നിർമ്മാണ മേൽനോട്ടം ആലപ്പുഴ നഗരസഭയ്ക്കായിരുന്നു. അതുകൊണ്ടു തന്നെ ഉദ്ഘാടനം ചെയ്യാനും വേണമെങ്കിൽ ഉദ്ഘാടനം മാറ്രിവയ്ക്കാനുമുള്ള അവകാശം തങ്ങൾക്കാണെന്നാണ് ചെയർമാന്റെ വാദം. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 10.30 നുള്ള ശുഭ മുഹൂർത്തത്തിലായിരുന്നു മന്ത്രി ജി.സുധാകരൻ നാട വലിച്ചുകീറി പാലം ഉദ്ഘാടനം ചെയ്തത്. മന്ത്രി ഉദ്ഘാടനം നിർവഹിക്കുമെന്നും നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിക്കുമെന്നും അറിയിച്ചു കൊണ്ടുള്ള നോട്ടീസ് നഗരസഭയുടെ പേരിൽ മൂന്ന് നാല് ദിവസങ്ങൾക്ക് മുമ്പിറങ്ങുകയും ചെയ്തിരുന്നു. നോട്ടീസിറങ്ങിയപ്പോഴാണ് തന്നെ ആരോ പാലം വലിച്ച കാര്യം ചെയർമാന് മനസിലായത്. ഇങ്ങനെയൊക്കെ ചെയ്യാമോ. നഗരസഭ വക അടുത്ത നോട്ടീസ് ഇറങ്ങി. ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ പാലം ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നഗരസഭാ സെക്രട്ടറിയുടെ പേരിൽ ഇറങ്ങിയ നോട്ടീസിൽ പറഞ്ഞിരുന്നത്.
പ്രസ്തുത ദിവസം ജില്ലയിൽ ചില പരിപാടികളിൽ പങ്കെടുത്ത ശുദ്ധഗതിക്കാരനായ 'ജില്ലയുടെ ചുമതലയുള്ള മന്ത്രി'( ഇങ്ങനെ ഇടയ്ക്കിടെ പറഞ്ഞില്ലെങ്കിൽ മന്ത്രിയുടെ ലോലമനസ് നീറും) ഈ പുകിലൊന്നും അറിഞ്ഞില്ല.ദൂരപരിധി പാലിച്ച്, ആഘോഷമേതുമില്ലാതെ വായ്ക്കും മൂക്കിനും മേൽ മാസ്കും ധരിച്ച് ,ചെറിയ രാഷ്ട്രീയ പ്രസംഗത്തോടെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി മടങ്ങി. തൊട്ടു പിന്നാലെയാണ് പാലം ഉദ്ഘാടനത്തിന് നഗരസഭാ ചെയർമാനും കൗൺസിലർമാരും പരിവാരങ്ങളും എത്തിയത്. ഈ സംഘത്തെ തടയാൻ സി.പി.എം പ്രവർത്തകരും പാലത്തിന് സമീപം സംഘടിച്ചു.ഏതു മന്ത്രവാദി വന്നാലും തലപോണത് കോഴിക്കെന്ന ചൊല്ലുപോലെ , ആര് ഉദ്ഘാടനം ചെയ്താലും പൊലീസിനാണല്ലോ പെടാപ്പാട്.സംഘർഷാവസ്ഥ ഒഴിവാക്കാൻ നഗരസഭാ ചെയർമാനെയും കൗൺസിലർമാരെയും ചുങ്കത്തിന് സമീപം പൊലീസ് തടഞ്ഞു. പരസ്പര ധാരണയോടെ ചെറിയ ഉന്തും തള്ളുമൊക്കെ കാമറ ലക്ഷ്യമിട്ട് നേതാക്കൾ നടത്തി. പിന്നീട് ഇവരെ അറസ്റ്ര് ചെയ്ത് നീക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് വരുന്ന കാര്യം അപ്പോഴാണ് ചില നേതാക്കൾക്കെങ്കിലും കത്തിയത്. അറസ്റ്രിൽ പ്രതിഷേധിക്കാൻ യു.ഡി.എഫ് പ്രവർത്തകരെ സംഘടിപ്പിച്ചുകൊണ്ട് നേതാക്കൾ പൊലീസ് സ്റ്റേഷന് മുന്നിലെത്തി. മന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച പ്രവർത്തകർ മൂന്ന് മണിക്കൂറോളം റോഡ് ഉപരോധിച്ചു.പൊലീസുമായി നേതാക്കൾ നടത്തിയ ഒത്തു തീർപ്പ് ചർച്ചയ്ക്കൊടുവിലാണ് പ്രതിഷേധം അസാനിച്ചത്.
ഇടത് കൗൺസിലർമാരുടെ സൂത്രപ്പണി
തിരുമല, പള്ളാത്തുരുത്തി വാർഡുകളിൽ ഇടതു കൗൺസിലർമാരാണ്. മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണ് കൗൺസിലർമാരും സി.പി.എമ്മും ഉദ്ഘാടനത്തിന് എത്തിച്ചതെന്നാണ് ചെയർമാന്റെ വാദം. ജനാധിപത്യ വിരുദ്ധമാണ് ഈ ഉദ്ഘാടനമെന്നും അദ്ദേഹം ആക്രോശിച്ചു.നഗരസഭയുടെ അവകാശം കവർന്നെടുത്തവരെ തടയുന്നതിന് പകരം ഉദ്ഘാടനത്തിന് എത്തയ തങ്ങളെ തടഞ്ഞ പൊലീസിന് ദൈവം കൊടുത്തോളുമെന്നും കുഞ്ഞുമോൻ നെഞ്ചുപൊട്ടി ശപിച്ചു. എന്നാൽ ഉദ്ഘാടനത്തിന് മന്ത്രിയെ ക്ഷണിച്ചതാണെന്നും അവസാനം നിമിഷം ഉദ്ഘാടനത്തിന് നഗരസഭാ ചെയർമാൻ തയ്യാറായത് സംഘർഷമുണ്ടാക്കാനുള്ള മനഃപൂർവ്വമായ ശ്രമമായിരുന്നുവെന്നും നഗരസഭാ പ്രതിപക്ഷ നേതാവ് ഡി.ലക്ഷ്മണനും വച്ചുകാച്ചി.കോൺഗ്രസിനുള്ളിലെ കുഞ്ഞുമോൻ വിരുദ്ധ വിഭാഗം കിട്ടിയ അവസരം ഒട്ടും തെറ്രില്ലാത്ത വിധം ഉപയോഗിച്ചു. ഭവനരഹിതർക്ക് വേണ്ടിയുള്ള ഫ്ളാറ്റിന്റെ തറക്കല്ലിടലിന് ഇതേ മന്ത്രിയെ കൊണ്ടുവന്നതിന് ദൈവം കൊടുത്ത ശിക്ഷയാണ് ഇതെന്നുവരെ അവർ രഹസ്യമായി പറഞ്ഞുപരത്തിക്കളഞ്ഞു.
വീണ്ടും വരും ഉദ്ഘാടനം
ഔട്ട്പോസ്റ്ര് പാലം വീണ്ടും ഉദ്ഘാടനം ചെയ്യാൻ കോടതിയെ സമീപിക്കുമെന്നാണ് ഇപ്പോൾ ഇല്ലിക്കൽ കുഞ്ഞുമോൻ പറയുന്നത്.നേരത്തെ നിശ്ചയിച്ച ഉദ്ഘാടന ചടങ്ങിന് ജില്ലാ പൊലീസ് മേധാവിയോട് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും തങ്ങളെയാണ് അവർ തടഞ്ഞതെന്നാണ് ചെയർമാന്റെ ദുഃഖം. അതിനാൽ ഇനി കോടതി ഉത്തരവ് 'സമ്പാദിച്ച് സമ്പാദിച്ച് 'വലിയൊരു ഉദ്ഘാടനം -അതാണ് വിനീതനായ ചെയർമാന്റെ മോഹം.മോഹങ്ങൾ പൂവണിയുമോ എന്തരോ എന്തോ..
ഇതുകൂടി കേൾക്കണേ
ഈ ബഹളങ്ങളുടെ എല്ലാമിടയ്ക്ക് ആലപ്പുഴ എം.പി എ.എം ആരീഫിന്റെ തേങ്ങിക്കരച്ചിൽ ആരും കേൾക്കാതെ പോയി. സ്വന്തം പാർട്ടിക്കാർ പോലും. കേന്ദ്ര സർക്കാരിന്റെ 50 ശതമാനം ഫണ്ടുപയോഗിച്ചുള്ള അമൃത് പദ്ധതിയിലാണ് പാലത്തിന്റെ നിർമ്മാണം.തന്റെ സ്വന്തം സംസ്ഥാന സർക്കാരാണ് 30 ശതമാനം ഫണ്ട് നൽകുന്നത്. നഗരസഭ ചെലവാക്കുന്നത് വെറും 20 ശതമാനം. എന്നിട്ടും തന്നെ ഉദ്ഘാടന ചടങ്ങിന് ക്ഷണിച്ചില്ലെന്നതാണ് ആരീഫിന്റെ ദുഃഖം. ആരോട് പറയാൻ, ആര് കേൾക്കാൻ...