ഹരിപ്പാട്: തോട്ടപ്പള്ളിയിലെ കരിമണൽ കടത്തിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭം അവസാനിപ്പിക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.
39 ദിവസമായി കരിമണൽ കടത്തിനെതിരെ ജനങ്ങൾ സമരത്തിലാണ്. കൊവിഡ് പശ്ചാത്തലത്തിൽ പ്രക്ഷോഭത്തിലേക്ക് ജനങ്ങളെ തള്ളിവിടുന്നത് അഭികാമ്യമല്ല. പൊഴി മുറിക്കുന്നതിന്റെ മറവിൽ കരിമണൽ കടത്തുന്നത് പ്രദേശത്തിന്റെ പാരിസ്ഥിതിക നില നിൽപ്പിനെ ഗുരുതരമായി ബാധിക്കും. പ്രശ്നം പരിഹരിക്കാൻ സർക്കാർ മുൻകൈ എടുക്കണം. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സമരമേഖലയിൽ ഉണ്ടാകാനിടയുണ്ട്. ആറാട്ടുപുഴ പഞ്ചായത്തിലെ വാർഡുകൾ കണ്ടയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. സമയബന്ധിതമായി പൊഴിമുറിക്കാനും അതേ സമയം കരിമണൽ കടത്ത് നിറുത്തിവയ്ക്കാനും പ്രക്ഷോഭം അവസാനിപ്പിക്കാനും സർക്കാർ അടിയന്തിരമായി ഇടപെടണം. സർക്കാർ പിടിവാശി കാണിക്കരുത്. പൊഴിമുറിക്കുന്നതിന് ആരും എതിരല്ല, ഇതിന്റെ മറവിൽ കരിമണൽ കടത്ത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.