മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിലും കൺവൻഷന്റെ ഉടമസ്ഥതയിലുള്ള വസ്തുവിലും സമൃദ്ധകൃഷി പദ്ധതി ആരംഭിച്ചു. ക്ഷേത്രത്തിലെ അന്നദാനത്തിന് ആവശ്യമായ എല്ലാ പച്ചക്കറികളും സ്വന്തമായി കൃഷി ചെയ്ത് ഉണ്ടാക്കുക, 13 കരയിലും കൃഷിക്ക് പ്രോത്സാഹനം കൊടുക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പച്ചക്കറികൾ, വാഴ, ഫലവർഗ്ഗങ്ങൾ എന്നിവയാണ് കൃഷിയിറക്കിയത്. 2000 മൂട് മഞ്ഞൾ, 250 മൂട് വെട്ടു ചേമ്പ്, 100 മൂട് ഞാലിപ്പൂവൻ വാഴ എന്നിവയോടൊപ്പം കൊച്ചുചേമ്പ്, കാച്ചിൽ, ചീനി എന്നിവയും നട്ടു. ക്ഷേത്ര അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ സുനിൽ കുമാർ സമൃദ്ധ കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു. കൺവൻഷൻ പ്രസിഡന്റ് എം.കെ.രാജീവ്, സെക്രട്ടറി ആർ.രാജേഷ് കുമാർ, വൈസ് പ്രസിഡന്റ് എം.മനോജ് കുമാർ, ജോ.സെക്രട്ടറി പി.കെ റജികുമാർ, കരനാഥൻമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.