ചേർത്തല:പ്രസവത്തെ തുടർന്ന് ഇരുവൃക്കകളും തകരാറിലായ 24കാരി സ്വാദിഷയ്ക്ക് വയലാറിന്റെ സ്നേഹ സ്പർശം. മൂന്നു മണിക്കൂറിൽ സ്വാദിഷയുടെ ചികിത്സക്കായി വയലാർ ഗ്രാമം സമാഹരിച്ച് നൽകിയത് 14.22 ലക്ഷം രൂപ. ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ ചിറയിൽ പറമ്പിൽ സ്വാതിഷയുടെ(24) ജീവൻ രക്ഷിക്കാനായാണ് ഗ്രാമമൊന്നായി മുന്നിട്ടിറങ്ങിയത്. പ്രസവ ശേഷം രണ്ടു വർഷം പിന്നിട്ടെങ്കിലും കുഞ്ഞിനെ ഇതുവരെ ഒന്നെടുക്കാൻ പോലും അമ്മക്ക് കഴിഞ്ഞിട്ടില്ല.സ്വാദിഷ നിലവിൽ ഡയാലിസിസിലൂടെയാണ് ജീവൻ നിലനിർത്തുന്നത്.വൃക്കമാ​റ്റിവെക്കൽ ശസ്ത്രക്രിയ നിശ്ചയിച്ചെങ്കിലും പണമില്ലാത്തതിനാൽ നാളുകളായി നടക്കാതിരിക്കുകയായിരുന്നു.അമ്മ ഉഷയുടെ വൃക്കയാണ് നൽകുന്നത്.ശസ്ത്രക്രിയക്കും തുടർചികിത്സക്കുമായി 12 ലക്ഷമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.പണം ഇല്ലാത്തതിനാൽ ശസ്ത്രക്രിയ പ്രതിസന്ധിയിലായ ഘട്ടത്തിലാണ് ഗ്രാമപഞ്ചായത്ത് ജീവൻരക്ഷാസമിതി ദൗത്യം ഏ​റ്റെടുത്ത്.
മാർച്ചിൽ ജനകീയ പണസമാഹരണം ലക്ഷ്യമിട്ടെങ്കിലും കൊവിഡ് കാരണം നടന്നില്ല. തുടർന്നാണ് ഇന്നലെ രാവിലെ എട്ടു മുതൽ 11വരെ ധനസമാഹരണം നിശ്ചയിച്ചത്. സാമൂഹിക അകലം പാലിച്ചായിരുന്നു പ്രവർത്തനങ്ങൾ.സമാഹരിച്ച തുക ആശുപത്രിയിലേക്ക് കൈമാറുമെന്നും ശസ്ത്രക്രിയ ഉടനുണ്ടാകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി.ബാബു,ജനറൽ കൺവീനർ ഡി.പ്രകാശൻ,യു.ജി.ഉണ്ണി എന്നിവർ അറിയിച്ചു.