a

മാവേലിക്കര: ഇലകളിൽ ചിത്രങ്ങൾ വരച്ച് താരമാമാകുകയാണ് മാവേലിക്കര സ്വദേശി അഭിജിത്ത് രാജ്. ലോക് ഡൗൺ കാലയളവിൽ മനസിൽ തോന്നിയ നൂറോളം ചിത്രങ്ങളാണ് ഇലകളിൽ കോറി എടുത്തത്.

മാവേലിക്കര: കാട്ടുവള്ളി നന്ദനം വീട്ടിൽ അഭിജിത്ത് ആദ്യം ബോട്ടിൽ ആർട്ടാണ് ചെയ്തിരുന്നത്. വ്യത്യസ്തതയ്ക്ക് വേണ്ടിയാണ് ഇലകളിൽ ചിത്രങ്ങൾ ചെയ്യാൻ തുടങ്ങിയത്.

ആദ്യം ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ ജീവതയാണ് ചെയ്തത്. അതിന് സമൂഹമാദ്ധ്യമങ്ങളിൽ വൻ സ്വീകാര്യത ലഭിച്ചതോടെ തുടർന്നും നിരവധി ചിത്രങ്ങൾ ചെയ്തു.

ഭദ്രകാളി, ഗുരുവായൂരപ്പൻ ഉൾപ്പടെ ദൈവങ്ങളും സി​നിമാ താരങ്ങളും ഉൾപ്പടെ അഭിജിത്തിന്റെ കരവിരുതിൽ പ്ളാവിലയിൽ തെളിഞ്ഞിട്ടുണ്ട്. ചെട്ടികുളങ്ങര കുംഭഭരണി കെട്ടുകാഴ്ചകൾ അണിനിരന്ന കാഴ്ചകണ്ടം പ്ളാവിലയിൽ ചെയ്തെടുത്തതിന് വലിയ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു.

ലോക് ഡൗൺ വി​രി​യി​ച്ച കല

ബി.ടെക് പഠനം പൂർത്തിയാക്കി ജോലിക്കായി ശ്രമിക്കുന്നതിനിടെയാണ് ലോക് ഡൗൺ വന്നത്. ഇതോടെ കലയുടെ വഴിയെ തിരിഞ്ഞു. ഇപ്പോൾ നിരവധി പേരാണ് ചിത്രങ്ങൾ ഇലയിൽ ചെയ്യുവാനായി സമീപിക്കുന്നത്. ഇതെല്ലാം സൗജന്യമായി ചെയ്തു കൊടുക്കുന്ന തിരക്കിലാണ് അഭിജിത്ത്.