ആയുർവേദ ആശുപത്രികളിൽ ക്ളിനിക്കുകൾ
ആലപ്പുഴ: കൊവിഡ് പശ്ചാത്തലത്തിൽ പ്രതിരോധ പദ്ധതികൾ നടപ്പാക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഭാരതീയ ചികിത്സാ വകുപ്പ്. ആയുർവേദത്തിലുള്ള മികച്ച ചികിത്സ ലഭ്യമാക്കാനായി വിവിധ ജില്ലകളിൽ ആയുർ രക്ഷാ ക്ലിനിക്കുകൾ പ്രവർത്തനമാരംഭിച്ചു.
60 വയസിന് മുകളിലുള്ളവർക്ക് ‘സുഖായുഷ്യം’, താഴെയുള്ളവർക്ക് ‘സ്വാസ്ഥ്യം’ എന്നിങ്ങനെയുള്ള പ്രതിരോധ വർദ്ധക മരുന്നുകളാണ് ലഭ്യമാക്കുന്നത്. എല്ലാ ആയുർവേദ ആശുപത്രികളിലും ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഒ.പി വഴിയാണ് പരിശോധനയും മരുന്നുകളും നൽകുന്നത്. പദ്ധതിക്കായി ജില്ലാ ആയുർവേദ ആശുപത്രിക്ക് ജില്ലാ പഞ്ചായത്തിൽ നിന്നു 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ ഭാരതീയചികിത്സാ വകുപ്പ് ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർ മരുന്നുകൾക്ക് പ്രത്യേക ഫണ്ടും അനുവദിച്ചിട്ടുണ്ട്. മരുന്നുകൾ സൗജന്യമാണെന്നും ജില്ലയുടെ ആവശ്യാനുസരണം ലഭ്യമാക്കാനുള്ള സംവിധാനം എല്ലാ ആശുപത്രികളിലുമുണ്ടെന്നും ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.പി.എസ്.റാണി പറഞ്ഞു. ക്വാറന്റൈനിൽ കഴിയുന്നവർ, രേഗമുക്തരായവർ എന്നിങ്ങനെ പല വിഭാഗങ്ങളിലായാണ് സേവനവും മരുന്നുകളും ലഭ്യമാക്കുന്നത്.
.......................................
അമൃതം
കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്കായി ആവിഷ്കരിച്ച ആയുർവേദ പദ്ധതിയാണ് അമൃതം. അതത് വാർഡുകളിൽ ജനപ്രതിനിധികളുടെയും ആശാ പ്രവർത്തകരുടെയും സഹായത്തോടെയാണ് നിരീക്ഷണത്തിലിരിക്കുന്നവർക്ക് മരുന്നുകൾ ലഭ്യമാക്കുക.
സുഖായുഷ്യം
ജില്ലയിൽ അറുപത് വയസ് പിന്നിട്ടവരെ ഉൾപ്പെടുത്തി ഭാരതീയചികിത്സാ വകുപ്പ് ആരംഭിച്ചിരിക്കുന്ന വാട്സാപ്പ് ഗ്രൂപ്പാണ് സുഖായുഷ്യം. പ്രായമായവർക്ക് പുറത്തിറങ്ങാനാവില്ലെന്ന നിബന്ധനകളുടെ പശ്ചാത്തലത്തിലാണ് ഗ്രൂപ്പ് ആരംഭിച്ചത്. രോഗികൾക്ക് ഗ്രൂപ്പിലൂടെ ഡോക്ടർമാരോട് സംസാരിക്കാം. എന്നാൽ പ്രായമായവരിൽ വിലയൊരു വിഭാഗം വാട്സാപ്പ് അടക്കമുള്ള സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നില്ലെന്നതാണ് ഈ പദ്ധതിയുടെ പോരായ്മ.
പുനർജനി
കൊവിഡ് മുക്തി നേടിയവർക്കുള്ള പദ്ധതിയാണ് പുനർജനി. പരിശോധന ഫലം നെഗറ്റീവ് ആയാലും തുടർന്നുള്ള 14 ദിവസങ്ങളിൽ ശ്രദ്ധ ആവശ്യമാണ്. ആരോഗ്യം വീണ്ടെടുക്കാനായി ഇക്കാലയളവിൽ കഴിക്കാനുള്ള മരുന്നുകളാണ് പദ്ധതി വഴി എത്തിക്കുന്നത്.
........................
10 ലക്ഷം: മരുന്നുകൾക്ക് ജില്ലാ പഞ്ചായത്ത് അനുവദിച്ച തുക
..................
പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള പദ്ധതികൾക്ക് മികച്ച് പ്രതികരണമാണ് ലഭിക്കുന്നത്. കൊവിഡിനെ ചെറുക്കാൻ മരുന്ന് കണ്ടെത്തിയിട്ടില്ലാത്തതിനാൽ സാധാരണ പ്രതിരോധ മരുന്നുകൾ വ്യാപകമാക്കുകയാണ്
ഡോ.പി.എസ്.റാണി, ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ