ചേർത്തല:കൊവിഡ് 19 നിയന്ത്രണങ്ങൾ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായ ഹസ്തവുമായി കണിച്ചുകുളങ്ങര ദേവസ്വം.ക്ഷേത്രയോഗാംഗങ്ങളായ 5000 കുടുംബങ്ങൾക്ക് ആയിരം രൂപ വീതം ധനസഹായം നൽകും.ദേവസ്വം ഫണ്ടിൽ നിന്ന് അരക്കോടി രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്.സംസ്ഥാനത്ത് ആദ്യമായാണ് ഒരു ആരാധനാലയം ഇത്രയും വലിയ തുക അംഗങ്ങൾക്ക് സഹായമായി നൽകുന്നത്. മാരാരിക്കുളം വടക്ക് പഞ്ചായത്തിലേയും ചേർത്തല തെക്ക് പഞ്ചായത്തിലെ 15,16 വാർഡുകൾ മുഴുവനായും 14,17 വാർഡുകൾ ഭാഗീകമായും ഉൾപ്പെടുന്ന കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.ദേവസ്വത്തിന്റെ കീഴിലെ 11 മുതപ്പറ്റുകളിലുമായി ദേവസ്വം കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലാണ് സഹായം എത്തിക്കുക.ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കാരണം തൊഴിലും വരുമാനവും നഷ്ടപ്പെട്ട് ക്ലേശിക്കുന്ന നാട്ടുകാർക്ക് ആശ്വാസമേകാനാണ് പദ്ധതി.ക്ഷേത്രത്തിൽ വരുമാനം നിലച്ച സാഹചര്യത്തിലും സാമൂഹിക പ്രതിബന്ധതയും അംഗങ്ങളുടെ ബുദ്ധിമുട്ടും കണക്കിലെടുത്താണ് ദേവസ്വം പദ്ധതി നടപ്പാക്കുന്നതെന്ന് പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.ഇന്നലെ ചേർന്ന ദേവസ്വം കമ്മിറ്റി യോഗമാണ് പദ്ധതിക്ക് അന്തിമ രൂപം നൽകിയത്.ജൂലായ് മാസം തന്നെ സഹായം വിതരണം ചെയ്യും. ഖജാൻജിയുടെ ഒഴിവിലേയ്ക്ക് കമ്മിറ്റി അംഗമായ കെ.വി.കമലാസനനെ താത്കാലികമായി നിയമിക്കാനും ദേവസ്വം ഹെഡ് ക്ലർക്കായി എൻ.സുരേന്ദ്രൻ മാന്നാടിനെ നിയമിക്കാനും യോഗം തീരുമാനിച്ചു.പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷനായി.സെക്രട്ടറി പി.കെ.ധനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു.