കായംകുളം: കായംകുളം സസ്യ മാർക്കറ്റിലെ ഒരു വ്യാപാരിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സമൂഹവ്യാപന ഭീതി​യി​ലാണ് നഗരം. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച വ്യാപാരിയുടെ മരുമകനാണ് കൊവി​ഡ് ബാധി​തനായ വ്യാപാരി​. ഇതോടെ ഇയാളുമായി ബന്ധപ്പെട്ട അഞ്ഞൂറോളം പേർ ക്വാറന്റൈനിൽ ആകേണ്ട ഗുരുതരമായ സ്ഥിതിയിലാണ് നഗരം.

കഴിഞ്ഞ മാസം 29 നാണ് ആദ്യവ്യാപാരി​ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഒരു കുടുംബത്തിലെ തന്നെ 17 പേർക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. രണ്ട് ദിവസം മുൻപ് ഇദ്ദേഹത്തിന്റെ ഫലം നെഗറ്റീവ് ആയിരുന്നു. ഇതോടെ സെൽഫി എടുക്കുവാനും സന്തോഷം പങ്കിടുവാനും നിരവധി പേർ എത്തിയിരുന്നു. എന്നാൽ ഇന്നലത്തെ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

കായംകുളം മാർക്കറ്റിൽ നൂറുകണക്കിന് ആളുകളുമായാണ് ഇയാൾ നേരിട്ട് ഇടപെട്ടത്. കായംകുളം മുനിസിപ്പൽ പ്രദേശങ്ങളിലും സമീപ പഞ്ചായത്തുകളിലും മാവേലിക്കര, ഹരിപ്പാട് നഗരങ്ങളിൽ ഉള്ളവരും സമ്പർക്ക പട്ടികയിൽ ഉണ്ടെന്നാണ് വിവരം. ഇദ്ദേഹം ഇടയ്ക്ക് കായംകുളം പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നതിനാൽ രണ്ട് പൊലീസുകാർ ക്വാറന്റൈനിലായിട്ടുണ്ട്.

കുടുബത്തിലെ 54 വയസുകാരനും 46വയസുകാരിയും എട്ടും ഒൻപതും മാസം മാത്രം പ്രായമുള്ള പിഞ്ചുകുട്ടികളും രോഗം ബാധിച്ച് ചികിത്സയിലാണ്. ഇതിൽ ഒരു യുവതി സർക്കാർ ഉദ്യോഗസ്ഥയാണ്. അഞ്ച് പ്രവാസികൾ ഉൾപ്പെടെ ആകെ 22 പേർക്ക് കായംകുളത്ത് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. ഒരു കുടുംബത്തിലെ മാത്രം നൂറിലധികം പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ച് ഫലം കാത്തിരിയ്ക്കുകയാണ്.

മാർക്കറ്റിൽ ചരക്കുമായി എത്തിയ ലോറിക്കാരിൽ നിന്നാണ് പച്ചക്കറി വ്യാപാരിയ്ക്ക് കോവിഡ് പടർന്നതെന്നാണ് സംശയം . തമിഴ്നാട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കുവാൻ പോയതായും പറയുന്നു. വ്യാപാരി​ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനാൽ റൂട്ട് മാപ്പ് തയ്യാറാക്കാൻ കഴിഞ്ഞിട്ടില്ല. തുടർന്നാണ് കുടുബാംഗങ്ങളുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്.

വേണം സ്വയം കരുതൽ

ആദ്യ ലോക്ക് ഡൗൺ കഴിഞ്ഞതോടെ കായംകുളം മാർക്കറ്റ് വലിയ തിരക്കിലേയ്ക്ക് മാറുകയായിരുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്നും നൂറോളം ചരക്ക് വാഹനങ്ങളാണ് ഇവിടേക്ക് നിത്യവും എത്തിയിരുന്നത്.

നഗരം കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചതോടെ നിയന്ത്രണങ്ങൾ കർശനമാക്കി. റോഡുകൾ ബാരിക്കേഡ് വെച്ച് അടച്ചു. ദേശീയ പാതയിൽ കൂടി പോകുന്ന കെ.എസ്.ആർ.ടി.സി ബസുകൾ കായംകുളം ബസ് സ്റ്റേഷനിൽ കയറുന്നില്ല. പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. സ്രവപരിശോധനയ്ക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ട അവസ്ഥയാണ് ഇപ്പോൾ. ഇയാളുമായി ബന്ധപ്പെട്ടവർ റിപ്പോർട്ട് ചെയ്യണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്.

.........................

22

ആകെ 22 പേർക്ക് കായംകുളത്ത് രോഗം സ്ഥിരീകരിച്ചു

17

ഒരു കുടുംബത്തിലെ 17 പേർക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു

......................................