ആഘോഷങ്ങളില്ല, അതിഥികളും

ആലപ്പുഴ:ചൂടിന്റെ പ്രതാപം കുറയാതെ നീറിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ വിപ്ളവ കനലിന് ഇന്ന് 102-ാം ജന്മദിനം.ആലപ്പുഴ ചാത്തനാട്ടെ കളത്തിൽ പറമ്പിൽ വീട്ടിൽ, കെ.ആർ.ഗൗരിഅമ്മയുടെ ഇന്നത്തെ ജന്മദിനത്തിന് പതിവ് ആഘോഷങ്ങളും സദ്യവട്ടവുമില്ല.ആശംസ അറിയിച്ച് ആരും എത്തുകയും വേണ്ട.ഗേറ്റ് പൂട്ടി അകത്ത് പൊലീസ് കാവലുണ്ടാവും.കൊവിഡ് നിയന്ത്രണമാണ് ആഘോഷങ്ങൾക്ക് തടയിട്ടത്.ഓൺലൈൻ വഴി ആശംസയാവാം.

പിറന്നാൾ സദ്യയ്ക്ക് പതിവുള്ള അമ്പലപ്പുഴ പാൽപ്പായസം വളരെ നേരത്തെ ബുക്ക് ചെയ്തിരുന്നെങ്കിലും സാഹചര്യം കണക്കിലെടുത്ത് വേണ്ടെന്നു വച്ചു.1919 മിഥുനമാസത്തിലെ തിരുവോണ നാളിൽ ചേർത്തല പട്ടണക്കാട് കളത്തിപ്പറമ്പിൽ കെ.എ.രാമന്റേയും പാർവതിയുടേയും മകളായിട്ടാണ് കെ.ആർ.ഗൗരിഅമ്മയുടെ ജനനം. ഇംഗ്ളീഷ് കലണ്ടർ പ്രകാരം ജൂലായ് 14 ആണ് ജന്മദിനം.

ഗൗരിഅമ്മയുടെ ചേച്ചിയുടെ മകൾ ഇൻഡസും പാർട്ടി സഖാവ് ദേവിദേവരാജനുമാണ് ഇപ്പോൾ വീട്ടിൽ കൂട്ട്.അവരും ഗൗരിഅമ്മയുമൊന്നിച്ചാവും ഉച്ചയൂണ്.വരാൻ സാദ്ധ്യതയുള്ള ഏക വ്യക്തി, അനുജത്തി ഗോമതിയുടെ മകൾ പ്രൊഫ. ബീനാകുമാരിയാണ്.പക്ഷെ അവരുടെ വരവും ഉറപ്പായിട്ടില്ല. ഗൗരിഅമ്മയുടെ പിറന്നാൾ സദ്യ പ്രസിദ്ധമാണ്.സസ്യാഹാരികൾക്ക് പരിപ്പ്, പപ്പടം, പച്ചടി,കിച്ചടി അടക്കം സദ്യവട്ടമെല്ലാമുണ്ടാവും. നോൺവെജുകാർക്ക് സ്പെഷ്യൽ കരിമീൻ പൊരിച്ചതും ചിക്കൻ കറിയും ഉറപ്പാണ്. അതിഥികൾക്ക് വിളമ്പി ഊട്ടിക്കുക എന്നത് ഗൗരിഅമ്മയുടെ നിർബ്ബന്ധവും.എല്ലാവർഷവും കുറഞ്ഞത് ആയിരം പേരെങ്കിലും പിറന്നാൾ ദിനത്തിലും അടുത്ത ദിവസങ്ങളിലുമായി എത്താറുണ്ട്.ശാരീരികമായി അവശതയൊന്നുമില്ലെങ്കിലും ചില സമയങ്ങളിൽ നേരിയ ഓർമ്മക്കുറവ്.സോഡിയം ഇടയ്ക്കിടെ കുറയുന്നതാണ് പ്രശ്നം.തന്റെയും ടി.വിയുടെയും വിവാഹം നടത്തിയത് രണ്ട് ഗവൺമെന്റ് സെക്രട്ടറിമാരാണെന്ന (റവന്യു, വ്യവസായം) പഴയ ഓർമ്മകളൊക്കെ ഇടയ്ക്ക് ഫലിത രൂപത്തിൽ അയവിറക്കാറുണ്ടെന്ന് ജെ.എസ്.എസ് ജില്ലാ സെക്രട്ടറി സി.എം.അനിൽകുമാർ പറഞ്ഞു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ മറ്റൊരു വനിതാ നേതാവിനും അവകാശപ്പെടാൻ പറ്റാത്ത തലത്തിലാണ് സംസ്ഥാനത്ത് ഏറ്റവും അധികം നാൾ നിയമസഭാംഗമായിരുന്ന ഗൗരിഅമ്മ. 16,832 ദിവസമാണ് അവർ നിയമസഭയിൽ അംഗമായിരുന്നത്.ഏറ്റവും കൂടുതൽ നാൾ മന്ത്രിയായിരുന്ന വനിതയും മറ്റാരുമല്ല.11 തവണ അവർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1957 ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി ചേർത്തല മണ്ഡലത്തിൽ നിന്ന് വജിയിച്ച അവർ ആദ്യ മന്ത്രിസഭയിൽ അംഗവുമായി.മറ്റൊരു കമ്യൂണിസ്റ്ര് മന്ത്രിയായിരുന്ന ടി.വി.തോമസുമായുള്ള വിവാഹവും അതേ വർഷമായിരുന്നു.

പാർട്ടി പിളർപ്പിന് ശേഷം സി.പി.എമ്മിൽ ഉറച്ചു നിന്ന ഗൗരിഅമ്മയെ പാർട്ടി പുറത്താക്കിയതിനെ തുടർന്ന് 1994-ൽ ജനാധിപത്യ സംരക്ഷണ സമിതി രൂപീകരിച്ചു.