കലാ, കായിക അദ്ധ്യാപകർ വലയുന്നു
ആലപ്പുഴ: ക്ളാസുകൾ ഓൺലൈനിലേക്കു കടന്നതോടെ, സമഗ്രശിക്ഷ കേരളയ്ക്ക് കീഴിൽ കരാർ അടിസ്ഥാനത്തിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്രവർത്തിക്കുന്ന സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ (കലാ, കായിക അദ്ധ്യാപകർ) പെരുവഴിയിൽ. ഓരോ വർഷവും ജൂൺ ഒന്ന് മുതൽ മാർച്ച് 31 വരെയുള്ള കാലയളവിലേക്കായി കരാർ പുതുക്കുകയാണ് പതിവ്. ഇത്തവണ ജൂലായ് ആയിട്ടും ഇവർക്ക് നിയമനം ലഭിച്ചിട്ടില്ല.
1630 സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകരാണ് സംസ്ഥാനത്തുള്ളത്. ചിത്രകല, പാട്ട്, കായികം, പ്രവൃത്തി പരിചയം തുടങ്ങിയ വിഷയങ്ങളാണ് സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ കൈകാര്യം ചെയ്യുന്നത്. പാർട് ടൈം അദ്ധ്യാപകരെന്നാണ് പേരെങ്കിലും മുഴുവൻ സമയവും ജോലിയുണ്ട്. 28,500 രൂപ ശമ്പള നിരക്കിലാണ് 2016 മുതൽ കരാർ അടിസ്ഥാനത്തിൽ ഇവരെ നിയമിച്ചത്. 2018 മുതൽ ശമ്പളം 14,000 രൂപയാക്കി.
പലർക്കും ഒന്നിലധികം സ്കൂളുകളിൽ പ്രവർത്തിക്കേണ്ടി വരുന്നുണ്ട്. സാധാരണ അദ്ധ്യാപകർക്കുള്ള ഒരു ആനുകൂല്യവും ഇവർക്കില്ല. സമഗ്രശിക്ഷ കേരളയ്ക്ക് കീഴിലാണ് പ്രവർത്തനമെങ്കിലും പദ്ധതി മുഖാന്തിരം അടിയന്തര സാഹചര്യങ്ങളിൽ പോലും സഹായം ലഭിക്കാറില്ലെന്ന് അദ്ധ്യാപകർ പറയുന്നു.
ഉള്ള പണി കളഞ്ഞെത്തിയവർ!
തുടക്കത്തിൽ 2600 സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരാണ് സംസ്ഥാനത്തുണ്ടായിരുന്നത്. പൊതു വിദ്യാഭ്യാസയജ്ഞത്തിനു കീഴിൽ കുട്ടികളെ പഠിപ്പിക്കുകയെന്ന ആഗ്രഹത്തോടെ മറ്റ് സ്ഥാപനങ്ങളിൽ നിന്ന് ജോലി ഉപേക്ഷിച്ചു വന്നവരായിരുന്നു പലരും. സ്പെഷ്യൽ വിഷയങ്ങളെയും ഓൺലൈൻ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഇവർ പറയുന്നു. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ സ്ഥിരം കലാ കായിക അദ്ധ്യാപകരെ നിലവിൽ പുസ്തകവിതരണത്തിനും, അന്യ സംസ്ഥാന തൊഴിലാളികളുടെ വിരവരശേഖരണമടക്കമുള്ള കൊവിഡ് കാല പ്രവർത്തനങ്ങൾക്കും നിയോഗിച്ചിരിക്കുകയാണ്.
......................
14000 രൂപ: സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ ശമ്പളം:
............
സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ എണ്ണം
കോട്ടയം - 35, എറണാകുളം - 40, തൃശൂർ - 62, പാലക്കാട് - 133, മലപ്പുറം - 325, പത്തനംതിട്ട - 30, ഇടുക്കി - 50, കാസർകോഡ് - 105, തിരുവനന്തപുരം - 130, ആലപ്പുഴ -100, കൊല്ലം - 200, കോഴിക്കോട് - 230, കണ്ണൂർ - 40, വയനാട് - 150
......................
വെക്കേഷൻ കാലയളവിൽ ഞങ്ങൾക്ക് ശമ്പളമില്ല. പുതിയ അദ്ധ്യയനവർഷം ഒരു മാസം പിന്നിടുമ്പോഴും പുനർ നിയമന നടപടികൾ ചുവപ്പ് നാടയിൽ കുരുങ്ങിക്കിടക്കുകയാണ്. കലാ-കായിക പ്രവൃത്തി വിഷയങ്ങളെ ഓൺലൈൻ പഠനത്തിൽ ഉൾപ്പെടുത്തുന്നത് കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായകമാകും
(കരാർ അദ്ധ്യാപകർ)
............