sinilmundappaly

ആലപ്പുഴ:എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ ശ്രമിക്കുന്നവർ തിന്മയുടെ സന്തതികളാണെന്ന് പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ പറഞ്ഞു. 11.5 കോടി രൂപയുടെ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ മാവേലിക്കര യൂണിയൻ മുൻ പ്രസിഡന്റും സ്‌പൈസസ് ബോർഡ് ചെയർമാനുമായ സുഭാഷ് വാസുവിനെയും മ​റ്റ് പ്രതികളെയും ഉടൻ അറസ്​റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ​ടി.കെ. മാധവൻ സ്മാരക മാവേലിക്കര യൂണിയന്റെ നേതൃത്വത്തിൽ മാവേലിക്കര പൊലീസ് സ്​റ്റേഷനുമുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പകിട്ടോടെ തലയുയർത്തി നിൽക്കുന്ന എസ്.എൻ.ഡി.പി യോഗം സർക്കാർ ഏ​റ്റെടുക്കണമെന്ന് പറയുന്നവരുടെ ദുഷ്ടലാക്ക് ജനങ്ങൾ തള്ളിക്കളഞ്ഞു കഴിഞ്ഞു. ഗുരുനിന്ദ കാട്ടുന്ന ഇത്തരക്കാർക്ക് കാലം മാപ്പു നൽകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യൂണിയൻ അഡ്മിനിസ്‌ട്റേ​റ്റീവ് കമ്മിറ്റി കൺവീനർ അഡ്വ. സിനിൽ മുണ്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൺവീനർമാരായ രാജൻ ഡ്രീംസ്, ഗോപൻ ആഞ്ഞിലിപ്ര, വിനുധർമ്മരാജ്, അഡ്വ. അനിൽ കുമാർ, സജീവ്, തുളസീധരൻ, വേണുരാജൻ, വാസദേവൻ എന്നിവർ സംസാരിച്ചു.

മാവേലിക്കര ടൗൺ മേഖലയിലെ ശാഖാഭാരവാഹികളാണ് ആദ്യദിനത്തിൽ സമരത്തിൽ പങ്കെടുത്തത്. ഇന്ന് ഓലകെട്ടിയമ്പലം മേഖലയിലെ ശാഖാഭാരവാഹികൾ സമരത്തിൽ പങ്കെടുക്കും. 7 ദിവസമാണ് സാമൂഹ്യ അകലം പാലിച്ച് സമരം നടത്തുക.