പൂച്ചാക്കൽ:നയൻതാരയുടെയും സയനോരയുടെയും ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കാൻ ടെലിവിഷനുമായി വീട്ടിലെത്തിയ കോൺഗ്രസ് നേതാക്കളായ അബ്ദുൽ ജബ്ബാറും സുധാകരനും ആ ഷെഡ് കണ്ട് അമ്പരന്നു. ടി.വി വയ്ക്കാൻ ഇടമില്ലാത്ത അവിടെ മെച്ചപ്പെട്ടോരു വീടൊരുക്കിയ ശേഷം, ഇന്നലെ ഗൃഹപ്രവേശം കൂടി നടത്തിയാണ് അവർ മടങ്ങിയത്.
പാണാവള്ളി 17-ാം വാർഡ് തേമ്പാടിയിൽ രതീഷിന്റെ മക്കളാണ് ഇരുവരും. ആറ്, ഏഴ് ക്ളാസുകളിൽ പഠിക്കുന്നു. നാലു മരക്കുറ്റികളിൽ നീല ഷീറ്റുകൊണ്ട് മറ കെട്ടിയ ചെറിയ ഷെഡായിരുന്നു വീട്. പെയിന്ററാണ് രതീഷ്. കഴിഞ്ഞ ദിവസം രാത്രി തിമിർത്തു പെയ്ത മഴയെ തുടർന്ന് വെള്ളം മുഴുവൻ മുറിയിൽ കയറി. അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല. വീശിയടിച്ച കാറ്റിൽ ഷെഡ് നിലംപൊത്തുമോയെന്ന് ഭയപ്പെട്ടതായി നയൻതാരയും സയനോരയും പറഞ്ഞു.
ഷെഡ് വൈദ്യുതീകരിച്ചതാണെങ്കിലും ടി.വി വയ്ക്കാൻ പറ്റിയ ഇടം ഉണ്ടായിരുന്നില്ല. അബ്ദുൽ ജബ്ബാർ സഹപ്രവർത്തകരുമായി ആലോചിച്ച്, അടിയന്തരമായി ഒരു വീട് നിർമ്മിച്ച് നൽകാൻ തീരുമാനിക്കുകയായിരുന്നു. പാണാവള്ളിയിലെ നോർത്ത്, സൗത്ത് മണ്ഡലം കമ്മിറ്റികൾ സമാഹരിച്ച 80,000 രൂപ മുടക്കി, പൂർണ്ണമായും റൂഫിംഗ് ഷീറ്റുകൊണ്ടാണ് വീട് നിർമ്മിച്ചത്. ഇന്നലെ രാവിലെ നടന്ന ലളിതമായ ചടങ്ങിൽ ഷാനിമോൾ ഉസ്മാൻ എം.എൽ.എയിൽ നിന്ന് പുതിയ വീടിന്റെ താക്കോൽ രതീഷ് ഏറ്റുവാങ്ങി.