കായംകുളം: കൊവിഡ് ബാധ പരിഭ്രാന്തി പരത്തുന്ന സാഹചര്യത്തിൽ കായംകുളത്ത് സ്രവ പരിശോധനയ്ക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി.
കായംകുളം സർക്കാർ ആശുപത്രിക്ക് പുറമേ കെ.പി.എ.സി ജംഗ്ഷൻ, ചേരാവള്ളി, എരുവ എന്നീ ഭാഗങ്ങളിൽ സ്രവ പരിശോധനയ്ക്ക് സംവിധാനം ഒരുക്കും. നിലവിൽ താലൂക്ക് ആശുപത്രിയിൽ ഒരുദിവസം 130 ൽ അധികം ആളുകളിൽ നിന്നും സ്രവം പരിശോധനയ്ക്ക് എടുക്കുന്നുണ്ട്. ഇതിനായി കിയോസ്‌കുകൾ വാങ്ങും.
രോഗനിർണയത്തിന് വരുന്നവർക്കായി രണ്ട് ആംബുലൻസുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഒരു വാർഡിൽ 10 വീടുകൾ വാർഡ് ജാഗ്രതാ സമിതികൾ കണ്ടെത്തണം. ക്വാറന്റൈനിൽ കഴിയുന്നതിനായി സ്വന്തം വീടുകൾ തന്നെ ഉപയോഗിക്കണം. വീട്ടിലുള്ളവരെ മാറ്റി താമസിപ്പിക്കാനാണ് വാർഡുകളിൽ വീടുകൾ കണ്ടെത്തുന്നത്. ഇതോടൊപ്പം കമ്മ്യൂണിറ്റി ഹാളുകൾ, അംഗൻവാടികൾ എന്നിവ ക്വാറന്റൈൻ കേന്ദ്രമായി ഉപയോഗിക്കും.