ചാരുംമൂട്: കുളമ്പുരോഗത്തിനു കുത്തിവയ്പെടുത്ത പശു അവശനിലയിലായി​.

പതിമൂന്നു മാസം പ്രായമുളള പശുവി​ന്റെ കഴുത്തിന്റെ ഒരു ഭാഗം ബലൂൺ പോലെ വീർത്ത് തീറ്റിയെടുക്കാൻ പറ്റാത്ത അവസ്ഥയിലാണ്. പാലമേൽ കാവുംമ്പാട് അഭിലാഷ് ഭവനത്തിൽ ക്ഷീരകർഷകനായ മണിയൻ നായരുടേതാണ് പശു. പ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി കഴിഞ്ഞ 16ന് നൂറനാട് മൃഗാശുപത്രിയിൽ നിന്നുമെത്തിയ ജീവനക്കാരനാണ് കുത്തിവയ്പ്പ് നടത്തിയത്.നാലു ദിവസം സാധാരണ പോലെ തീറ്റിയെടുത്ത പൊന്നു എന്ന ഓമനപ്പേരിൽ വീട്ടുകാർ വിളിക്കുന്നപശു തീർത്തും അവശതയിലായതിനെത്തുടർന്ന് ഡോക്ടറെ സമീപിച്ചിരുന്നു. പല മരുന്നുകളും പ്രയോഗിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മണിയൻ നായർ മൃഗസംരക്ഷണവകുപ്പിന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. ജില്ല ഓഫീസിൽ നിന്നും എത്തിയ ഉദ്യോഗസ്ഥർ പശുവിനെ പരിശോധിച്ചെങ്കിലും പ്രതിവിധിയുണ്ടായില്ല. പാലമേൽ മൃഗാശുപത്രിയിൽ നിന്നും വന്ന ജീവനക്കാരൻ അശാസ്ത്രീയമായ രീതിയിൽ കുത്തിവയ്പ്പ് നടത്തിയതാണ് പശുവിന്റെ ഇപ്പോഴത്തെ അവസ്ഥക്കു കാരണമെന്നാക്ഷേപം വീട്ടുകാരും നാട്ടുകാരും ഉന്നയിച്ചു. പതിമൂന്നു മാസം പ്രായമുള്ള പശുവിനെ മൃഗാശുപത്രി ഏറ്റെടുത്ത് പകരം പശുവിനെ നൽകണമെന്നാണ് ക്ഷീര കർഷകന്റെ ആവശ്യം.