നൂറനാട് പക്ഷിസങ്കേതത്തിലേക്ക് ദേശാടനപ്പക്ഷികളെത്തുന്നു
ചാരുംമൂട്: പക്ഷിഗ്രാമം എന്നറിയപ്പെടുന്ന നൂറനാട് പക്ഷിസങ്കേതത്തിൽ ഒരിടവേളയ്ക്കു ശേഷം ദേശാടനപ്പക്ഷികൾ ഉൾപ്പെടെയുള്ളവയുടെ കലപിലകൾ നിറയുന്നു.
പഴകുളം മുതൽ കറ്റാനം വരെ കെ.പി റോഡിന്റെ പരിസരങ്ങളിലും പന്തളം, കണ്ണനാകുഴി എന്നിവിടങ്ങളിലുമാണ് അപൂർവ്വ ഇനം പക്ഷികൾ കൂടൊരുക്കുന്നത്. മുമ്പ് നൂറനാട് പൊലീസ് സ്റ്റേഷൻ പരിസരം, പഞ്ചായത്ത് ഓഫീസിന് സമീപമുള്ള വലിയ മരങ്ങൾ എന്നിവിടങ്ങളിലൊക്കെ ആയിരക്കണക്കിന് ദേശാടനപ്പക്ഷികൾ കൂടൊരുക്കിയിരുന്നു. ഏതാനും വർഷം മുമ്പ് റോഡ് വികസനത്തിന്റെ ഭാഗമായി പാതയോരങ്ങളിലെ വൃക്ഷങ്ങൾ വെട്ടിമാറ്റിയതിനാൽ ഇവിടേക്ക് പക്ഷികൾ എത്തിയിരുന്നില്ല. ഇത്തവണ വിവിധ ഇനത്തിൽപ്പെട്ട ധാരാളം പക്ഷികൾ വിരുന്നു വന്നിട്ടുണ്ട്. നൂറനാട്, പാലമേൽ പഞ്ചായത്തുകളിലും, കരിങ്ങാലി, പുലിമേൽ പുഞ്ചകളിലും പരിസരത്തുള്ള നെൽപ്പാടങ്ങളിലുമായി സമൃദ്ധമായി ലഭിക്കുന്ന ചെറു മീനുകളാണ് ദേശാടനക്കിളികളുടെ മുഖ്യ ഭക്ഷണം. കറ്റാനത്ത് റെഡ് ഡേറ്റാ ബുക്കിൽ ഉൾപ്പെട്ട ചേരക്കോഴികളാണ് കൂടുതലായി കൂടൊരുക്കുന്നത്. പഴകുളത്ത് പെരുംകൊക്കും ഇടക്കൊക്കുമാണ് കൂടൊരുക്കം നടത്തുന്നത്. പന്തളത്ത് നീർക്കാക്കകളും.
നൂറനാട് ഇടക്കുന്നത്ത് ബി.ജെ.പി സംസ്ഥാന സമിതി മുൻ അംഗം വി.രാജേന്ദ്രന്റെ വീട്ടുമുറ്റത്തെ പ്ലാവിൽ കുളക്കൊക്കുകൾ ആറു കൂടുകളാണ് ഒരുക്കിയിരിക്കുന്നത്. പോൺഡ് ഹെറോൺ ഇനത്തിൽപ്പെട്ട പക്ഷികളാണെന്ന് ഇവിടം സന്ദർശിച്ച പക്ഷി നിരീക്ഷകൻ സി. റഹിം അഭിപ്രായപ്പെട്ടു. രാജേന്ദ്രന്റെ വീട്ടുമുറ്റത്തെ പ്ലാവിൽ ആദ്യം ഒരു കൂടു മാത്രമാണ് ഉണ്ടായിരുന്നത്. അതിപ്പോൾ ആറെണ്ണമായി. പക്ഷികൾ വീട്ടുമുറ്റത്ത് കാഷ്ഠിക്കുന്നത് ശല്യമാണെങ്കിലും ദേശാടനപ്പക്ഷികളുടെ പ്രാധാന്യം മനസിലാക്കി അവയെ സംരക്ഷിക്കുയാണെന്ന് വി.രാജേന്ദ്രൻ പറഞ്ഞു.
മഴയാണ് വില്ലൻ
പക്ഷിക്കൂടുകളിൽ മുട്ടയിട്ടു കുഞ്ഞുങ്ങൾ വിരിഞ്ഞാൽ അവ വേഗത്തിൽ വളർച്ച പ്രാപിക്കും. അതോടെ കൂടുകളുടെ എണ്ണവും കൂട്ടും. ഉണങ്ങിയ മരച്ചില്ലകളും കരിയിലയും കൊണ്ട് നിർമ്മിക്കുന്ന കൂടുകൾ കാറ്റിനേയും മഴയേയും ഒരു പരിധിവരെ അതിജീവിക്കുമെങ്കിലും ശക്തമായ കാറ്റിലും മഴയിലും പലപ്പോഴും പക്ഷിക്കൂടുകൾ തകർന്നു വീണ് കുഞ്ഞുങ്ങൾ ചത്തുപോവുകയും മുട്ടകൾ പൊട്ടുകയും ചെയ്യാറുണ്ട്.
................
പ്രൗഢി ഇടിഞ്ഞു
1987ൽ നൂറനാട്ട് പതിനായിരത്തിലധികം നീർപ്പക്ഷികൾ കൂടൊരുക്കിയതായി കണ്ടെത്തിയിരുന്നു. ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ജേണലിൽ നൂറനാട്ടെ പക്ഷികളെപ്പറ്റിയുള്ള പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗ്രാമശ്രീ നേച്ചർക്ലബ്ബ് 'ഇന്ദുചൂഡൻ പക്ഷി സങ്കേത'മെന്ന പേരിൽ പക്ഷി നിരീക്ഷകൻ സി. റഹിമിന്റെ നേതൃത്വത്തിൽ മൂന്നു പതിറ്റാണ്ടായി പഠനം നടത്തുന്നുണ്ട്. ജൂൺ മുതൽ ഒക്ടോബർ വരെയാണ് ദേശാടനപ്പക്ഷികളുടെ 'സീസൺ' സമയം.