മാന്നാർ :കിഫ്ബിയുടെ ഫണ്ട് ഉപയോഗപ്പെടുത്തി പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ 121 കോടി രൂപ വിനിയോഗിച്ച് നവീകരിച്ച റോഡുകളും, മൂന്നിടങ്ങളിൽ സ്ഥാപിച്ച സിഗ്‌നൽ ലൈറ്റുകളും സജി ചെറിയാൻ എം എൽ എ നാടിന് സമർപ്പിച്ചു. വിയപുരം-മാന്നാർ റോഡ്, പാണ്ടനാട് മിത്രമഠം-പാലച്ചുവട് റോഡ്, കുട്ടമ്പേരൂർ-കോയിക്കൽ മുക്ക് എന്നീ റോഡുകളും, ടൗൺ, തൃക്കുരട്ടി, സ്റ്റോർ ജംഗ്ഷൻ എന്നിവിടങ്ങളിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 26 ലക്ഷം രൂപ വിനിയോഗിച്ച് സ്ഥാപിച്ച സിഗ്‌നൽ ലൈറ്റുകളുമാണ് സമർപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രഘുപ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികല രഘുനാഥ്, ചാക്കോ കൈയ്യത്ര, പി എൻ ശെൽവരാജൻ, പ്രൊഫ. പി ഡി ശശിധരൻ, മാന്നാർ അബ്ദുൾ ലത്തീഫ്, കെ എം അശോകൻ, ജേക്കബ് തോമസ് അരികുപുറം, പൊതുമരാമത്ത് വിഭാഗം എക്സ്‌ക്യൂട്ടീവ് എൻജിനിയർ ബി വിനു, പി ബി വിമൽ എന്നിവർ പങ്കെടുത്തു.