മാവേലിക്കര: കോവിഡ് മഹാമാരിയെ മുൻനിർത്തി കേന്ദ്ര സർക്കാർ റെയിൽവേയെ സ്വകാര്യകുത്തകകൾക്ക് വിറ്റഴിക്കുകയും തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്ന നടപടി പിൻവലിക്കണമെന്ന് കോൺഗ്രസ് ലോക്‌സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. റെയിൽവേയിൽ നിലവിലുള്ള അമ്പതുശതമാനം ഒഴിവുകളും ഉപേക്ഷിക്കാൻ റെയിൽവേ ബോർഡ് നിർദേശം നൽകിയിരിക്കുകയാണ്. ഇതുകൂടാതെ രണ്ടുവർഷത്തിനിടെ പുതുതായി കൊണ്ടുവന്ന തസ്തികകൾ പുനഃപരിശോധിക്കാനും നിയമനം നടത്താത്തവ ഉപേക്ഷിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. ഐ.ആർ.സി.ടി.സിയിലെ അഞ്ഞൂറോളം കരാർ തൊഴിലാളികളെ പിരിച്ചുവിടുന്നതിനായുള്ള നീക്കവും റെയിൽവേ ഉപേക്ഷിക്കണമെന്ന് ആദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരം ഡെറാഡൂൺ എക്സ് പ്രസിന്റെ കോട്ടയം ചെങ്ങന്നൂർ റൂട്ട് മാറ്റി ആലപ്പുഴ വഴി തിരിച്ചു വിടാനുള്ള നീക്കവും തിരുവനന്തപുരം നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ്‌ എക്സ്പ്രസ് റൂട്ട് വെട്ടിച്ചുരുക്കി കൊച്ചി-നിസാമുദീൻ ആക്കാനുള്ള ശ്രമവും സ്ഥിരം യാത്രക്കാരെ ദുരിതത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര റെയിൽവേ മന്ത്രിക്കും റെയിൽവേ ബോർഡ് ചെയർമാനും കത്ത് നൽകിയിട്ടുണ്ടെന്ന് എം.പി അറിയിച്ചു.