മാവേലിക്കര: ജില്ലാ ആശുപത്രിയിൽ ഐ.സി.യു സംവിധാനത്തിനും ആംബുലൻസിനും ആസ്തി വികസന ഫണ്ടിൽ നിന്ന് 2.05 കോടി അനുവദിച്ചതായി ആർ.രാജേഷ് എം.എൽ.എ അറിയിച്ചു. തീവ്രപരിചരണ സംവിധാനങ്ങൾ അടിയന്തിരമായി ഒരുക്കുന്നതിനും ആംബുലൻസിനുമായാണ് തുക അനുവദിച്ചിരിക്കുന്നത്.
ജില്ലാ ആശുപത്രിയിൽ ഒൻപത് തീവ്രപരിചരണ കിടക്കകളും ആറ് സ്റ്റെപ് ഡൗൺ കിടക്കകളുമുള്ള തീവ്രപരിചരണ വിഭാഗത്തിൽ നാല് വെന്റിലേറ്ററും കേന്ദ്രീകൃത മെഡിക്കൽ ഗ്യാസ് വിതരണ സംവിധാനവും ഉണ്ടാകും. ഇതിനായി ആസ്തി വികസന ഫണ്ടിൽ നിന്നും 1. 80 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിനോടൊപ്പം ആധുനിക സംവിധാനമുള്ള ആംബുലൻസും അനുവദിച്ചിട്ടുണ്ട്. തീവ്രപരിചരണ വിഭാഗം ശീതീകരണ സംവിധാനമുള്ളതാണ്. പുതിയ കെട്ടിടം സമുച്ചയം വരുമ്പോൾ അവിടേക്ക് മാറ്റി ഉപയോഗപ്രദമാക്കുവാൻ കഴിയുന്ന നിലയിലാണ് ഐ.സി.യു സംവിധാനം വിഭാവനം ചെയ്തിട്ടുള്ളത്.