ചേർത്തല: വസ്തുതർക്കത്തിൽ സുപ്രീംകോടതി അഭിഭാഷകൻ നൽകിയ ക്വട്ടേഷനെ തുടർന്ന് ബന്ധുവിനെയും സഹോദരിയേയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മുഖ്യപ്രതികളെ പിടികൂടാതെ പൊലീസ്.ഒന്നാം പ്രതിയായി പൊലീസ് കേസെടുത്തിരിക്കുന്ന അഭിഭാഷകൻ ബാലകൃഷ്ണപിള്ളയും ക്വട്ടേഷൻ സംഘത്തെ ഇടപാടു ചെയ്ത ചേർത്തല സ്വദേശിയുമാണ് ഒളിവിൽ കഴിയുന്നത്.
വഴിത്തർക്കത്തിന്റെ പേരിൽ മുനിസിപ്പൽ 21-ാം വാർഡ് അരീപ്പറമ്പ് കുന്നേൽവെളി സുരേഷിനെയും സഹോദരി ഉമാദേവിയേയും ആക്രമിച്ചതാണ് കേസ്.അക്രമം നടത്തിയ ക്വട്ടേഷൻ സംഘാംഗങ്ങളായ തൃശൂർ നെല്ലായി വയലൂർകൈപ്പള്ളി ഭവനിൽ രാഗേഷ് കുഞ്ചൻ– 43), എറണാകുളം ഞാറക്കൽ പണിക്കശേരിൽ ലെനീഷ് (33),ഞാറക്കൽ കൊച്ചുവേലിക്കകത്ത് ജോസഫ് ലിബിൻ (25), വൈപ്പിൻ ബ്ലാവേലി വീട്ടിൽ ശ്യാം (34) എന്നിവരെ ചേർത്തല പൊലീസ് അറസ്​റ്റു ചെയ്തിരുന്നു. മൂന്നു കൊലപാതകമുൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയും നിലവിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഗുണ്ടാനേതാവുമായ കുഞ്ചൻ രാഗേഷ് പരോളിൽ ഇറങ്ങിയ സമയത്താണ് ഇവിടെ അക്രമത്തിനെത്തിയത്.ഇയാളുടെ പരോൾ റദ്ദാക്കാൻ പൊലീസ് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.