ചാരുംമൂട് : മൈക്രോഫിനാൻസ് ഉൾപ്പെടെയുള്ള പദ്ധതികളിൽ നിന്ന് കോടികൾ അപഹരിച്ച കേസിലെ മുഖ്യപ്രതി സുഭാഷ് വാസു ഇപ്പോഴും സ്വൈര്യ വിഹാരം നടത്തുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയൻ ആരോപിച്ചു. . വാർത്താ മാധ്യമങ്ങളിലൂടെയും മറ്റും വേദികളിലൂടെയും യോഗ നേതൃത്വത്തെ അധിക്ഷേപിക്കുകയാണ് സുഭാഷ് വാസു.. കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് യോഗം നേതാക്കൾക്കെതിരെ അപവാദ പ്രചരണം നടത്തി യോഗത്തെ തളർത്താൻ ശ്രമിക്കുകയാണ് ഒരു കൂട്ടർ. യൂണിയനിലെ ശാഖായോഗം ഭാരവാഹികളുടെ യോഗങ്ങൾ വിളിച്ചുചേർത്ത് ഇക്കാര്യങ്ങളെ പറ്റി വിശദീകരിക്കാൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തിൽ യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം അധ്യക്ഷത വഹിച്ചു. കൺവീനർ ബി സത്യപാൽ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർമാൻ ആർ രഞ്ജിത്ത്, അംഗങ്ങളായ ചന്ദ്രബോസ്, അഭിലാഷ് എന്നിവർ പങ്കെടുത്തു.