ആലപ്പുഴ:തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിനെതിരെ കൊടികുത്തി പ്രതിഷേധത്തിന് നേതൃത്വം നൽകിയ പാർട്ടി ലോക്കൽ കമ്മിറ്രി സെക്രട്ടറിക്കെതിരെ നടപടിയെടുക്കാൻ പ്രാരംഭ നീക്കം തുടങ്ങി. സംഭവം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.മഹേന്ദ്രൻ കമ്മീഷനെയാണ് ചുമതലപ്പെടുത്തിയത്.ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീകുമാറിനെതിരെ അച്ചടക്ക നടപടി വേണമെന്ന ശുപാർശയാണ് കമ്മീഷൻ നൽകിയതെന്നറിയുന്നു. പ്രതിഷേധത്തിൽ പങ്കെടുത്ത മറ്രു പ്രവർത്തകർക്ക് എതിരെയും നടപടി ശുപാർശ ചെയ്യുന്നുണ്ട്. എന്നാൽ എടുത്തുചാടിയുള്ള ഒരു നടപടിക്ക് സാദ്ധ്യത കുറവാണ്.
ജില്ലാ നേതൃത്വം ഇടപെട്ടാണ് കുത്തിയവരെ കൊണ്ട് കൊടി തിരിച്ചെടുപ്പിച്ചത്. ഇടതു മുന്നണിയിലെ പ്രമുഖ ഘടക കക്ഷിയായ സി.പി.ഐ ഖനനത്തിനെതിരെ തുടക്കം മുതൽ ശക്തമായ സമരം തുടങ്ങിയിരുന്നു. കോൺഗ്രസും ബി.ജെ.പിയും ധീവര സഭയും ഖനനത്തിനെതിരെ സംയുക്തമായും സമരമാരംഭിച്ചു. സമരത്തിന്റെ പേരിൽ സി.പി.എം- സി.പി .ഐ ജില്ലാ നേതൃത്വങ്ങൾ പരസ്പരം കൊമ്പുകോർക്കുകയും ചെയ്തു.സംയുക്ത സമരസമിതിയെ പ്രതിരോധിക്കാൻ സി.പി.എം ജില്ലാ നേതൃത്വം പെടാപ്പാട് പെടുന്നതിനിടെയാണ് സ്വന്തം പാർട്ടയുടെ പ്രാദേശിക നേതൃത്വം കൊടികുത്തൽ നടത്തിയത്.പാർട്ടി അനുഭാവികളിൽ തന്നെ ഇത് ആശയക്കുഴപ്പവും ഉണ്ടാക്കി.
മണ്ണെടുക്കാൻ കെ.എം.എം.എല്ലിന് നിശ്ചയിച്ച് അനുവദിച്ചിട്ടുള്ള അതിർത്തി കടന്ന് മണ്ണെടുത്തപ്പോഴാണ് തങ്ങൾ കൊടി കുത്തിയതെന്നാണ് ലോക്കൽ കമ്മിറ്രി സെക്രട്ടറി ശ്രീകുമാർ ഇക്കാര്യത്തിൽ നൽകുന്ന വിശദീകരണം .പാർട്ടി ജില്ലാ നേതൃത്വവും ജില്ലാ കളക്ടറും ഇടപെട്ട് അവരുടെ നടപടി തിരുത്തിച്ചതിനാലാണ് കൊടി മാറ്റിയതെന്നും ശ്രീകുമാർ വ്യക്തമാക്കി. ശ്രീകുമാറിനെ ലോക്കൽ കമ്മിറ്രി സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്രാൻ മഹേന്ദ്രൻ കമ്മീഷൻ ശുപാർശ ചെയ്തതായി അറിയുന്നുണ്ടെങ്കിലും പെട്ടെന്ന് ഒരു നടപടി വരാൻ സാദ്ധ്യതയില്ലെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ കണക്കുകൂട്ടൽ.കാരണം ഇപ്പോൾ തന്നെ മണലെടുപ്പ് പാർട്ടിക്ക് അല്പം നിറംകെടുത്തിയിട്ടുണ്ട്.പെട്ടെന്ന് ഒരു നടപടിയിലേക്ക് നീങ്ങിയാൽ എതിരാളികൾക്ക് മുതലെടുപ്പിന് അവസരമൊരുങ്ങുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് സമാഗതമായിരിക്കുന്ന ഈ ഘട്ടത്തിൽ നടപടിയെടുക്കുക വഴി കൂടുതൽ വിവാദങ്ങൾക്ക് അവസരം കൊടുക്കാൻ ജില്ലാ നേതൃത്വം തയ്യാറായേക്കില്ല.മാത്രവുമല്ല,ഇപ്പോൾ നടപടിയിലേക്ക് നീങ്ങിയാൽ സംയുക്ത സമരസമിതി നടത്തിവരുന്ന സമരത്തിന് അത് മറ്രൊരു വിധത്തിൽ ഊർജ്ജം പകരലാവുമെന്നും നേതൃത്വം കരുതുന്നു.