s

ആലപ്പുഴ: ജില്ല കോടതിപ്പാലം പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി കൃഷി വകുപ്പിന്റെ രണ്ട് ഓഫീസുകൾ ഉൾപ്പെടെ ആറ് സർക്കാർ ഓഫീസുകൾ പൊളിച്ചു നീക്കും. കൃഷി അസി.ഡയറക്ടർ ഓഫീസ്, മുല്ലക്കൽ കൃഷി ഓഫീസ്, ഹൈഡ്രോളജി വിഭാഗം, പൊലീസ് കൺട്രോൾ റൂം, ആലപ്പുഴ ബോട്ട് ജെട്ടി എന്നിവ പൂർണ്ണമായും മൃഗാശുപത്രി ഭാഗികമായും നീക്കണം. പകരം ഓഫീസ് സംവിധാനം കണ്ടെത്താൻ ബന്ധപെട്ട വകുപ്പുകൾ നീക്കം തുടങ്ങി.

പ്രതിദിനം നൂറുകണക്കിന് കർഷകർ എത്തുന്ന ജില്ലാകോടതി പാലത്തിന് തെക്ക് ഭാഗത്ത് ആറ് പതിറ്റാണ്ട് പഴക്കമുള്ള കൃഷി അസി.ഡയറക്ടറുടെ ഓഫീസ്, മുല്ലക്കൽ കൃഷി ഓഫീസ് എന്നിവ പ്രവർത്തിക്കുന്ന കെട്ടിടം പൂർണ്ണമായും പൊളിച്ച് നീക്കണം. കാലപ്പഴക്കത്തിൽ നാശത്തിന്റെ വക്കിലായ കെട്ടിടം പുതുക്കിപ്പണിയാൻ നഗരസഭ പദ്ധതി തയ്യാറാക്കാൻ ഇരിക്കെയാണ് റോഡ് വികസനം എത്തിയത്. നിലവിൽ കെട്ടിടം നിൽക്കുന്ന മൂന്നരസെന്റ് സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് കല്ലിടീൽ ജോലി പൂർത്തീകരിച്ചു. വൈകാതെ കെട്ടിടം പൊളിച്ചു നീക്കും. പകരം ഇരു ഓഫീസുകളുടെയും പ്രവർത്തനത്തിന് നഗരസഭയുടെ കെട്ടിടം അനുവദിക്കാൻ കൗൺസിൽ അംഗീകാരം നൽകി.

60വർഷം പഴക്കമുള്ള കെട്ടിടത്തിൽ കൃഷി ജോയിന്റ് ഡയറക്ടറുടെ ഓഫീസാണ് ആദ്യകാലത്ത് പ്രവർത്തിച്ചത്. രണ്ടരപതിറ്റാണ്ട് മുമ്പ് കൃഷി ജോയിന്റ് ഡയറക്ടറുടെ ഓഫീസ് കളക്ടറേറ്റിലേക്ക് മാറ്റിയപ്പോൾ കൃഷി അസി.ഡയറക്ടറുടെ ഓഫീസും മുല്ലക്കൽ കൃഷി ഓഫീസും ഈ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുകയായിരുന്നു.

കൺട്രോൾ റൂമും പോകും

ജലസേചന വകുപ്പിന്റെ ഹൈഡ്രോളജി വിഭാഗം, ആലപ്പുഴ ബോട്ട് ജെട്ടി, പൊലീസ് കൺട്രോൾ റൂം എന്നിവയും പൂർണ്ണമായും പൊളിച്ചുമാറ്റും. നഗരചത്വരത്തിന്റെ സമീപത്തുള്ള നഗരസഭയുടെ കെട്ടിട സമുച്ചയത്തിനോട് ചേർന്നാണ് പുതിയ നിർമ്മാണം. ബോട്ട് ജെട്ടി പര്വർത്തനം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനു കിടക്കുള്ള മാതാജെട്ടിയിലേക്ക് മാറ്റും. ഇതിന് പുറമേ വ്യാപാരസ്ഥാപനങ്ങളും ഒഴുപ്പിക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു വരുന്നു.

 98.16കോടി

നഗരവികസനത്തിന്റെ ഭാഗമായി മന്ത്രി ജി.സുധാകരൻ താല്പര്യം എടുത്താണ് ജില്ലാ കോടതിപ്പാലം പുനർ നിർമ്മിക്കുന്നത്. ഇതിനായി 98.16കോടിരൂപയുടെ ഫിനാൻസ് അനുമതി ലഭിച്ചു. നിർമ്മാണത്തിന്റെ ഡിസൈൻ ജോലികളും പൂർത്തീകരിച്ചു.

പുതിയ പാലം

റൗണ്ടിലാണ് പാലം നിർമ്മിക്കുക

 വാടക്കനാലിന്റെ ഇരുകരകളിലും ഫ്ളൈഓവർ

 അണ്ടർപാത, റാമ്പ്

 ഫ്ളൈ ഓവർ

വാടേക്കനാലിന്റെ വടക്കേക്കരയിൽ എസ്.ഡി.വി ഗ്രൗണ്ടിന് സമീപത്ത് നിന്നും തെക്കേകരയിൽ ഐശ്വര്യ ഓഡിറ്റോറിയത്തിന് മുന്നിൽ നിന്നും ഫ്ളൈഓവറും അണ്ടർപാതയും ആരംഭിച്ച് പൊലീസ് കൺട്രോൾ റൂമിന് സമീപം അവസാനിക്കും. നിർമ്മാണ ജോലികൾ പൂർത്തിയാകുന്നതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് ഒരുപരിധിവരെ ഒഴിവാക്കാൻ സാധിക്കും.

 മാറ്റേണ്ട ഓഫീസുകൾ

1.കൃഷി അസി.ഡയറക്ടർ ഓഫീസ്

2.മുല്ലയ്ക്കൽ കൃഷി ഓഫീസ്

3.മൃഗാശുപത്രി കെട്ടിടം

4.ഹൈഡ്രോളജി വിഭാഗം

5.ആലപ്പുഴ ബോട്ട് ജെട്ടി

6 പൊലീസ് കൺട്രോൾ റൂം