ആദ്യ ഘട്ടത്തിൽ എത്തിക്കുന്നത് പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള കിറ്റുകൾ എൽ.പി വിഭാഗത്തിനുള്ള ആട്ട എത്താൻ കാലതാമസം
ആലപ്പുഴ: ഉച്ചഭക്ഷണ പദ്ധതി പ്രകാരം സ്കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റുകൾ ഇന്നു മുതൽ സ്കൂളുകളിലെത്തും. പ്രീപ്രൈമറി വിഭാഗക്കാർക്കുള്ള കിറ്റുകളാണ് ആദ്യഘട്ടത്തിലെത്തിക്കുക. വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ലഭിച്ച ശേഷം മാത്രമേ സ്കൂളുകളിൽ നിന്നും കിറ്റുകൾ കുട്ടികൾക്ക് വിതരണം ചെയ്യൂ. വിതരണ തിയതി അറിയിക്കുന്ന മുറയ്ക്ക് രക്ഷിതാക്കൾക്ക് നേരിട്ട് സ്കൂളിലെത്തി കിറ്റ് വാങ്ങാനും, പി.ടി.എയുടെ സഹായത്തോടെ കുട്ടികളുടെ വീടുകളിൽ കിറ്റുകൾ എത്തിച്ചുകൊടുക്കാനും സംവിധാനമുണ്ടാകും. ജില്ലയിൽ 57 കേന്ദ്രങ്ങളിൽ പാക്കിംഗ് പുരോഗമിക്കുകയാണ്. അരി ഉൾപ്പടെ 11ഇനം ഭക്ഷ്യധാന്യങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രീപ്രൈമറി വിഭാഗത്തിന് ഒരു കിലോ ഇരുന്നൂറ് ഗ്രാം അരിയും, എൽ.പി വിഭാഗത്തിന് നാല് കിലോയും, യു.പി വിഭാഗത്തിന് ആറ് കിലോ അരിയുമാണ് കിറ്റിൽ ഉൾപ്പെടുത്തുക. എല്ലാ കേന്ദ്രങ്ങളിലും പ്രീപ്രൈമറി കുട്ടികൾക്കുള്ള കിറ്റുകൾ തയ്യാറാണ്. എൽ.പി വിഭാഗത്തിന്റെ പാക്കിംഗ് പുരോഗമിക്കുന്നു. എൽ പി വിഭാഗത്തിനുള്ള ആട്ട എത്തിച്ചേരാത്തതാണ് പല ഡിപ്പോകളും നേരിടുന്ന പ്രതിസന്ധി. ആട്ട പൊതിയുന്നതിനുള്ള കിറ്റ് ലഭ്യമല്ലാത്തതിനാൽ ശാസ്താംകോട്ടയിലെ മില്ലിൽ നിന്നും പത്താം തീയതിയോടെയേ ആട്ട എത്തൂവെന്നാണ് ഡിപ്പോകൾക്ക് ലഭിച്ചിരിക്കുന്ന അറിയിപ്പ്.
കിറ്റ് തയ്യാറാക്കുന്നത്
അതത് ഔട്ട്ലെറ്റുകളുടെ പരിധിയിലുള്ള സ്കൂളുകളിൽ സപ്ലൈക്കോ തയാറാക്കിയ കേന്ദ്രങ്ങളിലാണ് കിറ്റ് തയാറാക്കുന്നത്. സപ്ലൈക്കോ തന്നെയാണ് കിറ്റുകൾ സ്കൂളിലും എത്തിക്കുക. പാക്കിംഗ് ജോലികൾക്ക് സപ്ലൈക്കോ ജീവനക്കാരെ തന്നെയാണ് നിയോഗിച്ചിരിക്കുന്നത്. ആൾ ക്ഷാമമുണ്ടായാൽ കുടുംബശ്രീ പ്രവർത്തരെയും, സ്കൂളുകളിലെ പാചകത്തൊഴിലാളികളെയും വിളിപ്പിക്കും. ഈ മാസം 20നകം വിതരണം പൂർത്തിയാക്കാനാണ് സപ്ലൈക്കോയ്ക്ക് ലഭിച്ചിരിക്കുന്ന നിർദേശം.
................
എല്ലാ ഡിപ്പോകളിലും പ്രീപ്രൈമറി വിഭാഗത്തിനുള്ള കിറ്റുകൾ തയാറാണ്. എൽ.പി വിഭാഗത്തിനുള്ള പാക്കിംഗ് പുരോഗമിക്കുകയാണ്. ആട്ട കൂടി എത്തിച്ചേർന്നാൽ സമയബന്ധിതമായി തന്നെ വിതരണം പൂർത്തിയാക്കാൻ സാധിക്കും.
- സപ്ലൈക്കോ അധികൃതർ
................
പാക്കിംഗിന് കൂലി
ഒരു ഐറ്റം പാക്ക് ചെയ്യുന്നതിന് ഒരു രൂപ നാൽപ്പത് പൈസ
................
കിറ്റിലെ വിഭവങ്ങൾ
അരി, ചെറുപയർ, കടല, തുവരപരിപ്പ്, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ആട്ട, പഞ്ചസാര, ഉപ്പ്, തുണിസഞ്ചി
......................
ഡിപ്പോകൾ - തയാറാക്കുന്ന കിറ്റുകളുടെ എണ്ണം
ആലപ്പുഴ - 39,600 (അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകൾക്കായി)
ചേർത്തല - 36,198
മാവേലിക്കര - 14,930
ഹരിപ്പാട് - 20,779
ചെങ്ങന്നൂർ - 7,307
...................