 വഴിയോര ജോലികൾ നിലച്ചതോടെ തൊഴിലാളികൾ വലയുന്നു

ആലപ്പുഴ: നിരത്തുകളോടു ചേർന്നുള്ള ഉപജീവന മാർഗം അടഞ്ഞതോടെ നൂറുകണക്കിന് തൊഴിലാളികളുടെ ജീവിതം വഴിയാധാരമായി. കുടകൾ, സ്കൂൾബാഗ്, കോട്ടുകൾ, ജാക്കറ്റുകൾ എന്നിവയുടെ അറ്റകുറ്റപ്പണി നടത്തുന്ന തൊഴിലാളികളെയാണ് കൊവിഡ് പട്ടിണിയിലാക്കിയത്.

മുൻ വർഷങ്ങളിൽ സ്കൂൾ തുറക്കുമ്പോഴും കാലവർഷം ശക്തമാകുമ്പോഴും കുടകളുടെ അറ്റകുറ്റപ്പണികൾക്ക് വൻ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ജൂൺ മുതൽ ആഗസ്റ്റുവരെയാണ് ഇവരുടെ സീസൺ കാലം. എന്നാൽ ഇത്തവണ കൊവിഡ് ഭീഷണി എല്ലാം തകിടം മറിച്ചു. ജില്ലയിൽ 250ൽ അധികം തൊഴിലാളികൾ വഴിയോരങ്ങളിലെ തൊഴിലുകളുമായി ബന്ധപ്പെട്ട് നിൽക്കുന്നുണ്ട്.

ആലപ്പുഴ നഗരത്തിൽ സീറോജംഗ്ഷൻ മുതൽ ഇരുമ്പുപാലം വരെ റോഡിന്റെ ഇരുവശങ്ങളിലായി 25ൽ അധികം തൊഴിലാളികൾ പണിയെടുക്കുന്നുണ്ടായിരുന്നു. 20 മുതൽ 200 രൂപ വരെ കുടകളുടെ അറ്റകുറ്റപ്പണികൾക്ക് ലഭിച്ചിരുന്നതാണ്. സംഘടിത ശക്തി അല്ലാത്തതിനാൽ ഇവരെ സഹായിക്കാൻ രാഷ്ട്രീയക്കാരും ഇല്ല. ആഗസ്റ്റിൽ സ്കൂൾ തുറന്നാൽത്തന്നെ, മഴ ഒഴിഞ്ഞു നിൽക്കുമെന്നതിനാൽ പ്രതീക്ഷയ്ക്ക് വകയില്ല. മുൻ വർഷങ്ങളെ അപേക്ഷിച്ച് പത്ത് ശതമാനംപേർ പോലും അറ്റകുറ്റപ്പണിയുമായി എത്തിയിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു.

..............................

 250: ജില്ലയിലെ വഴിയോര തൊഴിലാളികളുടെ എണ്ണം

..............................

# കൂലി

 കുടക്കമ്പി മാറാൻ: 30- 50 രൂപ

 തുണി മാറാൻ: 130- 280 രൂപ

 തുണി നൽകിയാൽ കൂലി: 60 രൂപ

 സ്കൂൾ ബാഗ് തുന്നൽ: 50- 250 രൂപ

 ചെരുപ്പ് തുന്നൽ: 20 രൂപ മുതൽ

കൊവിഡ് എന്ന് അവസാനിക്കുമെന്ന് അറിയില്ല. സ്കൂൾ സീസണായിരുന്നു ആകെ പ്രതീക്ഷ. ഇത്തവണ ഇനി സ്കൂൾ തുറന്നാലും വേണ്ടത്ര മെച്ചമുണ്ടാവില്ല. വല്ലാത്ത പ്രതിസന്ധിയിലാണ്

മഹാദേവൻ, തൊഴിലാളി