 രോഗബാധിതരിൽ നാല് ഐ.ടി.ബി.പി ഉദ്യോഗസ്ഥരും ഒരു പൊലീസുകാരനും

 കായംകുളത്ത് മത്സ്യ വിപണന കേന്ദ്രത്തിലെ രണ്ടു പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ആലപ്പുഴ: നാല് ഐ.ടി.ബി.പി ഉദ്യോഗസ്ഥരും ഒരു പൊലീസുകാരനും ഉൾപ്പെടെ ജില്ലയിൽ ഇന്നലെ 18പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 219ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച ഏഴുപേർ വിദേശത്തുനിന്നും നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൂറനാട് ഐ.ടി.ബി.പി ക്യാമ്പിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി.

റിയാദിൽ നിന്നും തിരുവനന്തപുരത്തെത്തിയ വള്ളികുന്നം സ്വദേശി, ദമാമിൽ നിന്നും കോഴിക്കോട് എത്തി ലക്ഷണങ്ങളെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന 49 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി, ചെന്നൈയിൽ നിന്നും എത്തിയ താമരക്കുളം സ്വദേശിനി, മസ്‌കറ്റിൽ നിന്നും തിരുവനന്തപുരത്തെത്തിയ അമ്പത്തി മൂന്ന് വയസ്സുള്ള ഭരണിക്കാവ് സ്വദേശി, ദുബായിൽ നിന്നും കൊച്ചിയിലെത്തിയ പുലിയൂർ സ്വദേശി, മഹാരാഷ്ട്രയിൽ നിന്ന് എത്തിയ രാമങ്കരി സ്വദേശി, ഡൽഹിയിൽ നിന്നും എത്തിയ 55 വയസ്സുള്ള ആലപ്പുഴ സ്വദേശി, മുംബയിൽ നിന്നും എത്തിയ 51 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ നൂറനാട് ഐ.ടി.ബി.പി ക്യാമ്പിലെ നാല് ഉദ്യോഗസ്ഥർ, മസ്‌കറ്റിൽ നിന്നും വന്ന 51വയസുള്ള മാവേലിക്കര സ്വദേശി, റിയാദിൽ നിന്നും തിരുവനന്തപുരത്തു എത്തിയ വള്ളികുന്നം സ്വദേശി, സൗദിയിൽ നിന്നും കൊച്ചിയിൽ എത്തിയ 56വയസുള്ള ആറാട്ടുപുഴ സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ സുഹൃത്തായ പത്തിയൂർ സ്വദേശി, രോഗം സ്ഥിരീകരിച്ച കുറത്തികാട് സ്വദേശി മത്സ്യം എടുത്തിരുന്ന കായംകുളം മാർക്കറ്റിലെ മറ്റൊരു മത്സ്യ കച്ചവടക്കാരനായ കായംകുളം സ്വദേശിയായ 54 കാരൻ, തിരുവനന്തപുരത്തു നിന്നും സ്വകാര്യവാഹനത്തിൽ എത്തിയ പുറക്കാട് സ്വദേശിയായ തിരുവനന്തപുരം എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥൻ എന്നിവർക്ക് സമ്പർക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു.

 നിരീക്ഷണത്തിൽ 7076 പേർ

ജില്ലയിൽ നിലവിൽ 7076 പേരാണ് നിരീക്ഷണത്തിലുള്ളത്. 242 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നു.

 കണ്ടൈൻമെൻറ് സോൺ

ജില്ലയിൽ ഇന്നലെ നൂറനാട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ്, താമരക്കുളം ഗ്രാമപഞ്ചായത്തിലെ ആറ്,ഏഴു വാർഡുകൾ എന്നിവ കണ്ടെയിൻമെൻറ് സോണായി പ്രഖ്യാപിച്ചു