അമ്പലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം സംബന്ധിച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം പ്രസിഡന്റ് നിരസിച്ചതിൽ പ്രതിഷേധിച്ച് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തോട്ടപ്പള്ളി ഡിവിഷൻ അംഗം രാജേശ്വരി കൃഷ്ണൻ അവതരിപ്പിച്ച പ്രമേയം കഴിഞ്ഞ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും ചർച്ച ചെയ്യാതെ യോഗം പിരിച്ചുവിട്ടിരുന്നു.ഇന്നലത്തെ കമ്മിറ്റിയിൽ വിഷയം ചർച്ചചെയ്യണമെന്ന് കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടു.എന്നാൽ പ്രസിഡന്റ് ആവശ്യം നിരസിക്കുകയായിരുന്നു.സി. പി. എമ്മിലെ രണ്ട് അംഗങ്ങൾ വിഷയം വോട്ടിനിട്ട് തള്ളണമെന്നാവശ്യപ്പെട്ടെങ്കിലും ഈ വിഷയം ഇവിടെ ചർച്ച ചെയ്യേണ്ടന്ന നിലപാട് പ്രസിഡന്റും വൈസ് പ്രസിഡന്റും സ്വീകരിച്ചു.തുടർന്ന് പ്രതിപക്ഷ അംഗങ്ങളായ പി. സാബു,ബിന്ദു ബൈജു,യു. എം. കബീർ,രാജേശ്വരി കൃഷ്ണൻ,റോസ് ദലീമ എന്നിവർ മുദ്രാവാക്യം വിളിയുമായി എഴുന്നേറ്റു.പ്രസിഡന്റും പ്രതിപക്ഷ അംഗങ്ങളുമായി വാക്കേറ്റമുണ്ടായി.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.ഇവർ ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി.