ചേർത്തല തീരദേശ മേഖലയിൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തനിക്ക് വോട്ട് കുറവ് ലഭിച്ചതിന്റെ വൈരാഗ്യം തീർക്കുവാൻ തീരദേശ മേഖല ഉൾക്കൊള്ളുന്ന ചേർത്തല തെക്ക് പഞ്ചായത്തിനെ തകർക്കുവാൻ മന്ത്റി പി.തിലോത്തമൻ ശ്രമിക്കുന്നതായി ചേർത്തല സൗത്ത്,അർത്തുങ്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ ആരോപിച്ചു.
നിരവധി തവണ പഞ്ചായത്തിന്റെ വികസന കാര്യങ്ങൾക്കായി സമീപച്ചപ്പോഴും നിഷേധാത്മക നിലപാടാണ് മന്ത്റി സ്വീകരിച്ചത്. ചേർത്തല തെക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിനായി ഒരു സഹായവും മന്ത്റിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.വെള്ളക്കെട്ടുകൾ നിറഞ്ഞ ഈ പ്രദേശത്ത് വർഷകാലത്ത് പതിവായി ഉണ്ടാകുന്ന വെള്ളപ്പൊക്ക ഭീഷണിയിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുവാൻ നിരവധി പദ്ധതികൾ നടപ്പാക്കുവാൻ പഞ്ചായത്ത് ശ്രമിച്ചപ്പോഴൊക്കെ ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റിനെ കൊണ്ട് ആ പദ്ധതികളെല്ലാം തകർക്കുവാനാണ് മന്ത്റി ശ്രമിച്ചത്.
ചേർത്തല തെക്ക് പഞ്ചായത്തിന്റെ ഭരണ സമിതിക്കെതിരെ ഇടതുപക്ഷം നടത്തുന്ന നുണപ്രചരണങ്ങൾ എല്ലാ രാഷ്ട്രീയ മര്യാദകൾക്കും അപ്പുറമാണ്.നാലര വർഷം പിന്നിട്ട യു.ഡി.എഫ് ഭരണത്തിൽ ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കുവാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ അരീപ്പറമ്പ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എസ് രഘുവരൻ, അർത്തുങ്കൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ.ജോസ് ബനറ്റ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു ആന്റണി, എൻ.ശ്രീകുമാർ,പി.പി സോമൻ എന്നിവർ പങ്കെടുത്തു.