s

ആലപ്പുഴ :സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന 'ഓണത്തിനൊരുമുറം പച്ചക്കറി' പദ്ധതിക്ക് മുതുകുളം ബ്ലോക്കിൽ തുടക്കമായി. പത്തിയൂർ കൃഷി ഭവനിൽ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ആനന്ദൻ നിർവഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു . കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന യോഗത്തിൽ പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.കൃഷി അസിസ്റ്റന്റ് ഡയറക്ടർ റജീന ജേക്കബ്, ജില്ല കൃഷി ഡെപ്യൂട്ടി ഡയറക്ടർ എലിസബത്ത് ഡാനിയേൽ, പത്തിയൂർ കൃഷി ഓഫീസർ സലീന എന്നിവർ പങ്കെടുത്തു. ഓണക്കാലമാകുമ്പോളേക്കും ഓരോ വീടുകളിലും വിഷരഹിത പച്ചക്കറി ഉത്പാദനവും അതിലൂടെ സ്വയംപര്യാപ്തതയും ലക്ഷ്യം വയ്ക്കുന്ന പദ്ധതിയാണ് 'ഓണത്തിനൊരുമുറം പച്ചക്കറി '.പദ്ധതിപ്രകാരം ബ്ലോക്കിലെ ഓരോ കൃഷി ഭവനിലും 3700 പാക്കറ്റ് വിത്തുകൾ വീതമാണ് വിതരണത്തിനായി എത്തിച്ചിട്ടുള്ളത്.വെണ്ട, വഴുതന, പാവൽ, പടവലം, പയർ തുടങ്ങിയ പച്ചക്കറികളുടെ വിത്തുകളാണ് വിതരണത്തിനായി എത്തിച്ചിരിക്കുന്നത്.