ആലപ്പുഴ : കുട്ടനാട്ടിലെ നിർദ്ധനകുടുംബത്തിന് വീടൊരുക്കാൻ മുസ്ലിംലീഗ് രംഗത്ത്. കൈനകരി പഞ്ചായത്ത് 5-ാം വാർഡ് പോങ്ങാൻതറ ചിറയിൽ രാജേഷിനാണ് പാണാക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിർദ്ദേശാനുസരണം പാർട്ടി ജില്ലാ കമ്മിറ്റി വീട് നിർമ്മിച്ച് നൽകുന്നത്. താൽക്കാലികമായി നിർമ്മിച്ച ഷെഡ്ഡിലാണ് ബാർബർ തൊഴിലാളിയായ രാജേഷും ഭാര്യ ഉത്തരയും മക്കളായ 8 വയസ്സുകാരി ദയയും 5 വയസ്സുകാരി ദിയയും താമസിക്കുന്നത് . രോഗികളായ രാജേഷിന്റെ പിതാവ് രഘുനാഥനും മാതാവ് രാജമ്മയും ഇവരോടൊപ്പമാണ് കഴിയുന്നത്. കൈനകരി ജെട്ടിയിൽനിന്ന് ഒരു മണിക്കൂറിലേറെ വള്ളത്തിൽ യാത്ര ചെയ്താലേ ഇവരുടെ വീട്ടിൽ എത്താനാകു. ലൈഫ് പദ്ധതിയിൽപ്പെടുത്തി വീട് നിർമ്മാണം ആരംഭിച്ചെങ്കിലും നിർമ്മാണ സാമഗ്രികൾ എത്തിക്കുന്നതിലെ അമിത ചെലവുമൂലം പാതിപോലും പൂർത്തിയാക്കാൻ ആയില്ല. ലോക്ക്ഡൗൺ മൂലം രാജേഷിന് തൊഴിൽചെയ്യാനാവാത്ത അവസ്ഥ വന്നതോടെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായി. ഈ അവസ്ഥയിലാണ് സുഹൃത്ത് വഴി നമ്പർ കണ്ടെത്തി സാദിഖലി ശിഹാബ് തങ്ങളെ ഫോണിൽ വിളിച്ചത്. തുടർന്ന് ജില്ലാ ട്രഷറർ കമാൽ എം. മാക്കിയിലിന്റെ നേതൃത്വത്തിൽ വീട് സന്ദർശിക്കുകയും റിപ്പോർട്ട് നൽകുകയും ചെയ്തു. രാജേഷിനും കുടുംബത്തിനും വീട് ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് കമാൽ എം.മാക്കിയിൽ പറഞ്ഞു.