ആലപ്പുഴ:തന്റെ പിറന്നാൾ ദിനത്തിൽ കുറച്ചുപേർക്കെങ്കിലും ഉച്ചയൂണ് കൊടുത്തില്ലെങ്കിൽ കെ.ആർ.ഗൗരിയമ്മയ്ക്ക് സന്തോഷമാവില്ല. പക്ഷെ കൊവിഡ് നിയന്ത്രണം കാരണം ഇത്തവണ സാഹചര്യമനുകൂലവുമല്ല. എന്നാൽ ഗൗരിഅമ്മയുടെ മനസറിയാവുന്ന പാർട്ടി പ്രവർത്തകരും അടുപ്പക്കാരും തങ്ങളുടെ നേതാവിനെ നിരാശപ്പെടുത്തിയില്ല.
കളക്ട്രേറ്റിന് തെക്കുവശമുള്ള അനാഥാലയത്തിലെ 35 അന്തേവാസികൾക്ക് മീൻകറി ഉൾപ്പെടെ വിഭവസമൃദ്ധമായ സദ്യയാണ് ഉച്ചയ്ക്ക് നൽകിയത്. ജെ.എസ്.എസ് ജില്ലാ സെക്രട്ടറി സി.എം.അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു. ഭക്ഷണ വിതരണം.മാത്രമല്ല, പാർട്ടി പ്രവർത്തകർ രാവിലെ മുതൽ വീടിന്റെ ഗേറ്റിന് സമീപം എത്തിയവർക്കെല്ലാം മധുരവിതരണവും നടത്തി.സ്ഥലത്തെത്താൻ നിർവാഹമില്ലാത്തതിനാൽ നിരവധി പേർ ഫോണിലൂടെയാണ് ആശംസ നേർന്നത്. മന്ത്രി ജി.സുധാകരൻ, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി,സജി ചെറിയാൻ എം.എൽ.എ എന്നിവർ ആശംസയറിയിച്ചു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും അകലം പാലിച്ചുമാണ് മധുര വിതരണം നടത്തിയത്.ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി റ്റി.കെ സുരേഷ് (ചെയർമാൻ പിന്നോക്ക വികസന കോർപ്പറേഷൻ), അഡ്വ.പി.ആർ.പവിത്രൻ (സെൻട്രൽ കമ്മറ്റി അംഗം), ജില്ലാ സെക്രട്ടറി സി.എം.അനിൽകുമാർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ എ.വി.രാധാകൃഷ്ണൻ ,വി.കെ.ഗൗരീശൻ, ആർ.അശോകൻ, ഡി. മോഹനൻ, ശിവാനന്ദൻ ആലപ്പുഴ, രതീഷ്, എം.ബി.ബിജു, വി.പി.സന്തോഷ്, ജമീല ബഷീർ, തുടങ്ങിയവർ നേതൃത്വം നൽകി.