കായംകുളം: ഇന്നലെ മൽസ്യ വിപണന കേന്ദ്രത്തിലെ രണ്ടു ജീവനക്കാർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കായംകുളത്ത് കാര്യങ്ങൾ കൈവിട്ട നിലയിലായി. നാല് ദിവസം മുൻപ് സ്രവം നൽകിയ ഇവരുടെ സമ്പർക്കപട്ടിക ഞെട്ടലുണ്ടാക്കുന്നതാണെന്നാണ് വി​വരം. നഗരത്തി​ൽ നിരോധനാജ്ഞ പ്രഖ്യാപിയ്ക്കേണ്ടിവരുമെന്ന് നഗരസഭാ ചെയർമാൻ മുന്നറിയിപ്പ് നൽകി.

കൊറ്റുകുളങ്ങരയ്ക്ക് സമീപമുള്ള മത്സ്യ വിപണന കേന്ദ്രത്തിലെ രണ്ട് ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു പേർക്കും പനി വന്നതിനാലാണ് നാല് ദിവസം മുൻപ് കായംകുളം സർക്കാർ ആശുപത്രിയിൽ എത്തി സ്രവം പരിശോധനയ്ക്ക് നൽകിയത്. തുടർന്ന നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും എരുവയിലും മാവേലിക്കരയിലും ഇവർ പോയി. ഇന്നലെ ഫലം വന്നപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. നൂറുകണക്കിന് ആളുകളുമായി ഇവർ സമ്പർക്കത്തിൽ ഏർപ്പെട്ടതായാണ് വിവരം.

കൊവി​ഡ് രോഗി​കളുമായി​ സമ്പർക്കത്തിലായവർ കൊവിഡ് ടെസ്റ്റിന് വിധേയമാകണം. പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ പുറത്ത് ഇറങ്ങാൻ പാടുള്ളൂ എന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകി.

നഗരത്തിലെ പച്ചക്കറി വ്യാപാരിയുടെ കുടുംബത്തിലെ 17 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.അഞ്ച് പ്രവാസികളും പുതിയ രശുപേരും ഉൾപ്പെടെ ഉൾപ്പെടെ ആകെ 24 പേർക്ക് കായംകുളത്ത് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു.ആയിരത്തോളം പേർ ക്വാറന്റൈനിൽ ആകേണ്ട ഗുരുതരമായ സ്ഥിതിയിലാണ് നഗരം.

കായംകുളത്തേക്ക് കൊവിഡ് -19 ഉറവിട പരിശോധനയ്ക്കായി ഉന്നത തല ആരോഗ്യ സംഘത്തെ അയയ്ക്കുന്നതിന് ആരോഗ്യവകുപ്പ് മന്ത്രി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജില്ലാ കളക്ടർ, ഡി.എം.ഒ എന്നിവർക്ക് നഗരസഭ ചെയർമാൻ കത്ത് നൽകി.കൂടുതൽ വ്യക്തികളെ പരിശോധിക്കുന്നതിലേക്കായി മൊബൈൽ പരിശോധനാ യൂണിറ്റ് അനുവദിക്കുന്നതിനും റിസൾട്ടുകൾ പെട്ടെന്ന് തന്നെ ലഭിക്കുന്നതിനും നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.