കായംകുളം: ദിനം പ്രതി കൂടുതൽ പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചുകൊണ്ടിരിക്കുന്ന കായംകുളത്ത് സ്രവ പരിശോധനയ്ക്ക് ആവശ്യമായ സൗകര്യങ്ങളില്ലാത്തതാണ് സമ്പർക്കത്തിലൂടെയുള്ള രോഗ വ്യാപനത്തിന് കാരണമെന്ന് ആക്ഷേപം.
നിലവിൽ കായംകുളം താലൂക്ക് ആശുപത്രിയിൽ മാത്രമാണ് ഇതിന് സൗകര്യമുള്ളത്. എന്നാൽ ഇവിടെ നിത്യവും അൻപതോളം പരിശോധനകൾ മാത്രമേ നടക്കൂ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്രവ പരിശോധനാ കേന്ദ്രങ്ങൾ ഏർപ്പെടുത്തുമെന്ന് നഗരസഭ അറിയിച്ചുവെങ്കിലും അതിന് പ്രായോഗിക ബുദ്ധുമുട്ട് ഉണ്ടന്നാണ് ഇപ്പോൾ പറയുന്നത്. ഐ.എം.എ യാണ് സുരക്ഷിതമായ കേന്ദ്രങ്ങൾ ഒരുക്കേണ്ടത്.
ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ടു പേരുടെയും സ്രവങ്ങൾ നാലുദിവസം മുൻപാണ് എടുത്തത്. എന്നാൽ ഫലം വരുവാനുള്ള കാല താമസം കാരണം സമ്പർക്കത്തിലൂടെ നിരവധി പേർക്ക് രോഗം ബാധിച്ചിട്ടുണ്ടാവാമെന്നാണ് കരുതുന്നത്. മൊബൈൽ പരിശോധനാ യൂണിറ്റ് അനുവദിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.