മാവേലിക്കര: വിവരം മറച്ചുവച്ച് കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിച്ച കായംകുളം എരുവ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് ഇയാൾ പനിക്ക് ചികിത്സക്കായി കണ്ടിയൂരിലെ ആശുപത്രിയിൽ എത്തിയത്. മുമ്പ് പനിക്ക് ചികിത്സക്കായി കായംകുളം ഗവ.ആശുപത്രിയിൽ എത്തിയപ്പോൾ ഇയാളുടെ സ്രവം പരിശോധനയ്ക്കായി എടുത്തിരുന്നു. എന്നാൽ ഇതറിയിക്കാതെയാണ് കണ്ടിയൂരിൽ ചികിത്സ തേടിയത്.
ഇയാളെ ആശുപത്രി അധികൃതർ പേവാർഡിലെ 111 നമ്പർ മുറിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഇന്നലെ ഉച്ചയോടെ മുമ്പെടുത്ത സ്രവ പരിശോധനാ ഫലം വന്നതോടെയാണ് കോവിഡ് ഉണ്ടെന്ന് അറിയുന്നത്. വൈകുന്നേരത്തോടെ ഇയാളെ ആലപ്പുഴയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാളെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ഉൾപ്പടെയുള്ള ജീവനക്കാരോട് ക്വാറന്റൈനിൽ പോകുവാൻ നിർദ്ദേശിച്ചിട്ടുണ്ട്.