ചേർത്തല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡന്റ് തുഷാർ വെള്ളപ്പള്ളിക്കുമെതിരെയുള്ള ദുഷ്പ്രചാരണങ്ങളിൽ കണിച്ചുകുളങ്ങര യൂണിയൻ കൗൺസിൽ യോഗം പ്രതിഷേധിച്ചു. കെ.കെ മഹേശന്റെ ആത്മഹത്യക്ക് പിന്നിലെ ദുരൂഹതെയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആദ്യം ആവശ്യപ്പെട്ടത് വെള്ളാപ്പള്ളി നടേശനാണ്.ഇത് മറച്ച് വെച്ച് മഹേശന്റെ മരണത്തെ വെള്ളപ്പള്ളിക്കെതിരെ ആയുധമായി ഉപയോഗിക്കാനുള്ള കുലംകുത്തികളുടെ ശ്രമം വിലപ്പോകില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.നേതാവില്ലാത്ത സമുദായമെന്ന അപമാനം സഹിക്കേണ്ടിവന്ന ഈഴവ സമുദായത്തെ നേതാക്കളാൽ സമ്പുഷ്ടമായ സമുദായമായി മാറ്റിയതിന് പിന്നിൽ വെള്ളാപ്പള്ളിയുടെ അശ്രാന്ത പരിശ്രമമാണ്.ജനാധിപത്യപരമായ തിരഞ്ഞെടുപ്പിൽ മത്സരിച്ച് യോഗ നേതൃത്വത്തിൽ എത്തുന്നത് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ കഴിയാത്തവരുടെ കുഴലൂത്തുകാരാണ് നേതൃത്വത്തെ പിരിച്ചുവിടണമെന്നും ഭരണം സർക്കാർ എറ്റെടുക്കണമെന്ന ജൽപ്പനങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.സംഘടനയുടെയും സമുദായത്തിന്റെയും കെട്ടുറപ്പ് തകർക്കാനുള്ള ഇത്തരം പ്രചരണങ്ങൾ സമുദായം തള്ളിക്കളയുമെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് വി.എം.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു.യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ. പുരുഷോത്തമൻ,യൂണിയൻ കൗൺസിലർമാരായ കെ.സോമൻ,കെ.ശശിധരൻ,ഗംഗാധരൻ മാമ്പൊഴി, സുനീത് ബാബു, വി.ആർ ഷൈജു എന്നിവർ സംസാരിച്ചു.വൈസ് പ്രസിഡന്റ് പി.കെ ധനേശൻ സ്വാഗതവും സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ്.എൻ ബാബു നന്ദിയും പറഞ്ഞു.