 ചൂനാട് ടൗൺ അടച്ചു

മാവേലിക്കര: നൂറനാട് ഐ.ടി.ബി.പി കേന്ദ്രത്തിന്റെ സമീപത്തെ 3 പഞ്ചായത്തുകളിലായി 4 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കാനും വള്ളികുന്നം പഞ്ചായത്തിലെ ചൂനാട് ടൗൺ പൂർണമായി അടച്ചിടാനും ശുപാർശ. ആർ.രാജേഷ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗമാണ് കളക്ടർക്ക് ശുപാർശ നൽകാൻ തീരുമാനിച്ചത്.

ഐ.ടി.ബി.പി ക്യാമ്പിൽ 26 പേരെ പരിശോധിച്ചപ്പോൾ 9 പേർക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് സമീപ വാർഡുകൾ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത്. നിലവിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള ഭരണിക്കാവ് പഞ്ചായത്തിലെ മൂന്നു വാർഡുകളുടെ സമീപ സ്ഥലമായതിനാലാണ് ചൂനാട് ടൗൺ പൂർണമായി അടച്ചിടണമെന്ന നിർദേശം വച്ചിരിക്കുന്നത്.

നിയോജക മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാർ, റവന്യു, പൊലീസ്, പഞ്ചായത്ത്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. മാവേലിക്കര നിയോജകമണ്ഡലത്തിൽ ബ്ലോക്ക് തലത്തിൽ സ്രവ പരിശോധന ആരംഭിക്കാനും കൊവിഡ് കെയർ സെന്ററുകളുടെ എണ്ണം വർദ്ധിപ്പിക്കാനും തീരുമാനിച്ചതായി എം.എൽ.എ അറിയിച്ചു. നിയോജക മണ്ഡലത്തിൽ നിലവിൽ 30 പോസിറ്റീവ് കേസുകൾ മാത്രമാണുള്ളത്. രോഗ ബാധിതരായിരുന്ന 60 പേരിൽ 30 പേർ മുക്തരായി. സമ്പർക്കം മൂലം ഒരാൾക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

 ക്യാമ്പിൽ 339 പേർ

മാവേലിക്കര: ഐ.ടി.ബി.പി ക്യാമ്പിൽ 339 പേരുണ്ടെന്നാണ് കണക്ക്. ഉദ്യോഗസ്ഥരിൽ പലരും കുടുംബസമേതം യൂണിറ്റിന് പുറത്ത് വാടകയ്ക്കു താമസിക്കുന്നുണ്ട്. താമരക്കുളം പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകളിൽ 39ഉം, നൂറനാട് പഞ്ചായത്തിലെ ഒൻപതാം വാർഡിൽ 30 പേരുമാണ് ഇത്തരത്തിൽ താമസിക്കുന്നത്. ഈ സാഹചര്യത്തിലാണ് താമരക്കുളം പഞ്ചായത്തിലെ ആറ്, ഏഴ്, പാലമേൽ പഞ്ചായത്തിലെ ഒന്ന്, നൂറനാട് പഞ്ചായത്തിലെ ഒൻപത് എന്നീ വാർഡുകളിൽ കടുത്ത നിയന്ത്രണം പ്രഖ്യാപിക്കാൻ ശുപാർശ ചെയ്തതെന്നു എം.എൽ.എ പറഞ്ഞു. നൂറനാട് പാറ ജംഗ്ഷനിൽ ഒരു വാഹനത്തിൽ ഐ.ടി.ബി.പി സ്റ്റാഫ് സഞ്ചരിച്ചതായി സംശയമുണ്ട്. ഇന്ന് മുതൽ ക്യാമ്പിൽ സ്രവപരിശോധന ആരംഭിക്കും.

 മാർക്കറ്റിൽ വ്യാപന സാദ്ധ്യത

മാവേലിക്കര: നഗരസഭ പരിധിയിലുള്ള പുന്നംമൂട് മാർക്കറ്റിൽ വ്യാപന സാദ്ധ്യത കൂടുതലെന്ന് വിലയിരുത്തൽ. സമീപ പഞ്ചായത്തായ തെക്കേക്കരയെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുകയും കുറത്തികാട്, കല്ലുമല മാർക്കറ്റുകൾ അടച്ചിടുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ആളുകൾ കൂട്ടത്തോടെ എത്തുന്നത് പുന്നമൂട്ടിലേക്കാണ്. കായംകുളത്തെ മാർക്കറ്റ് അടച്ചതോടെ ഇവിടുത്തെ മൊത്തവ്യാപാര സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ എടുത്തിരുന്ന പുന്നംമൂട്ടിലെ വ്യാപാരികൾക്ക് ഇപ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പോലും നേരിട്ട് സാധനങ്ങൾ എത്തിച്ച് നൽകുന്നുണ്ട്. അതിനാൽ അതീവ ജാഗ്രത നിർദ്ദേശം നൽകാനാണ് അവലോകന യോഗത്തിന്റെ തീരുമാനം.