jithin-devika

മാന്നാർ: പ്രായപൂർത്തിയാവും മുമ്പ്, പ്രണയത്തെ തുടർന്ന് ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയും പിന്നീട് കേസും പ്രശ്നങ്ങളുമൊക്കെ കഴിഞ്ഞ് ഒന്നിക്കുകയും ചെയ്ത യുവ ദമ്പതികളെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

പെയിന്റിംഗ് തൊഴിലാളിയായ അടൂർ കുരമ്പാല ഊനംകൂട്ടു വിളയിൽ പരേതരായ കുഞ്ഞുപിള്ള, ജഗദമ്മ ദമ്പതികളുടെ മകൻ ജിതിൻ (30), വെട്ടിയാർ തുളസി ഭവനത്തിൽ പരേതനായ തുളസീദാസിന്റെയും സുശീലയുടെയും മകൾ ദേവിക ദാസ് (20) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ജിതിന്റെ മൃതദേഹം തൂങ്ങിയ നിലയിലും ദേവികയുടേത് കട്ടിലിൽ കിടക്കുന്ന നിലയിലും ആയിരുന്നു. ദേവിക തൂങ്ങിമരിച്ചതോടെ കെട്ടറുത്തു താഴെയിട്ട ശേഷം ജിതിൻ തൂങ്ങി മരിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരുടെയും ആത്മഹത്യ കുറിപ്പുകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.

ജിതിനോടൊപ്പം ദേവിക ഇറങ്ങിപ്പോയതിന് കുറത്തികാട് പൊലീസ് പോക്സോ കേസ് പ്രകാരം ജിതിനെതിരെ കേസ് എടുത്തിരുന്നു. പിന്നീട് ദേവിക ബാലിക സദനത്തിലാണ് കഴിഞ്ഞിരുന്നത്. പ്രായപൂർത്തിയായ ശേഷം ദേവിക ജിതിനോടൊപ്പം പോകുകയും കഴിഞ്ഞ മാർച്ച്‌ 18 മുതൽ ചെന്നിത്തലയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയുമായിരുന്നു.

രണ്ട് ദിവസമായി ജോലിക്കു വരാത്തതിനെത്തുടർന്ന് കോൺട്രാക്ടർ ഇന്നലെ രാവിലെ വീട്ടിൽ തിരക്കിയെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ചെങ്ങന്നൂർ ഡിവൈ.എസ്.പി പി വി. ബേബി, ചെങ്ങന്നൂർ ആർ.ഡി.ഒ, ഫോറൻസിക് ടീം, ഡോഗ് സ്‌ക്വാഡ് എന്നിവർ സ്ഥലത്തെത്തിയിരുന്നു. മാന്നാർ സി.ഐ സി. ബിനു, എസ്.ഐ കെ.എൽ. മഹേഷ്, അഡിഷണൽ സബ് ഇൻസ്‌പെക്ടർമാരായ ഷാജിമോൻ, അരുൺ, എ.എസ്.ഐമാരായ ശ്രീകുമാർ, മധുസൂദനൻ, സി.പി.ഒമാരായ അരുൺ, ഹാഷിം, അനിത എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡി. ആശുപത്രിയിലേക്ക് അയച്ചു.