jawan

ആലപ്പുഴ: സംസ്ഥാന സർക്കാരിനു കീഴിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ ഉത്പാദനം കൂട്ടി പ്രവർത്തനം പുനരാരംഭിച്ചതോടെ പാവപ്പെട്ടന്റെ പ്രിയ മദ്യമായ ജവാൻ റമ്മിന്റെ ക്ഷാമം കുറയുന്നു.

തിരുവല്ല വളഞ്ഞവട്ടത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പ്രതിദിനം 8000 കെയ്സ് ഉത്പാദിപ്പിക്കാൻ ഇപ്പോൾ ശേഷിയുണ്ട്. കൊവിഡ് നിയന്ത്രണം വന്നതും സാനിട്ടൈസർ നിർമ്മാണത്തിന് സ്പിരിറ്റ് കൂടുതൽ ആവശ്യമായി വന്നതിനാൽ ലഭ്യത കുറഞ്ഞതും മൂലം മാർച്ചിൽ ജവാൻ ഉത്പാദനം നിറുത്തിയിരുന്നു. 9000 ലിറ്റർ സ്പിരിറ്റാണ് ഒരു ദിവസം വേണ്ടത്.

ജൂൺ അവസാനമാണ് ഉത്പാദനം പുനരാരംഭിച്ചത്. ലിറ്ററിന് 560 രൂപയുള്ള ജവാൻ മിക്ക ബിവറേജസ് വില്പനശാലകളിലും കിട്ടാനില്ലായിരുന്നു. നേരത്തെ മൂന്ന് ബെൽറ്റുകളിലായി (സ്പിരിറ്റിൽ വെള്ളവും നിറവും രുചിയും കലർത്തി കുപ്പികളിൽ നിറയ്ക്കുന്ന സംവിധാനം) 6000 കെയ്സുകളായിരുന്നു പ്രതിദിന ഉത്പാദനം. ഡിസ്റ്റിലറി അടഞ്ഞുകിടന്ന സമയത്താണ് ഒരു ബെൽറ്റുകൂടി സജ്ജമാക്കിയത്. ലിറ്ററും ഫുള്ളും കിട്ടിയിരുന്നു. ഇനി ഒരു ലിറ്റർ ബോട്ടിൽ മാത്രമേ കിട്ടൂ.

 വരവ് കുറഞ്ഞു, വില കൂടി

മഹാരാഷ്ട്ര, കർണാടക, ഹരിയാന, തമിഴ്നാട് സംസ്ഥാനങ്ങളിലെ പഞ്ചസാര മില്ലുകളിൽ നിന്ന് സ്വകാര്യ വ്യക്തികൾ ടെൻഡർ എടുത്താണ് സ്പിരിറ്റ് എത്തിക്കുന്നത്. 55- 57 രൂപയായിരുന്നു ലിറ്ററിന് വില. സാനിറ്റൈസർ ഉത്പാദനത്തിന് സ്പിരിറ്റ് നൽകണമെന്ന് അവിടത്തെ സർക്കാരുകൾ നിർദ്ദേശിച്ചതും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ടാങ്കർലോറികൾ എത്താനുള്ള തടസവും കാരണം വരവ് കുറ‌ഞ്ഞു. ഇതോടെ ലിറ്ററിന് 58 മുതൽ 61 വരെ വില ഉയർന്നു. ഇപ്പോൾ വില അല്പം കുറഞ്ഞിട്ടുണ്ട്.

.........................................

 24 പേർ ജോലി ചെയ്യുന്ന ഒരു ബെൽറ്റിലെ പ്രതിദിന ഉത്പാദനം 2000 കെയ്സ്

 ബെൽറ്റുകൾ, ലേബൽ പതിക്കൽ, പാക്കിംഗ് എന്നിവയ്ക്ക് 90 കുടുംബശ്രീ വനിതകൾ

 കഴിഞ്ഞ വർഷത്തെ വിറ്റുവരവ് 75 കോടി

............................................................

ജവാൻ റമ്മിന് ഡിമാൻഡുണ്ടെങ്കിലും കമ്പനിവിപുലീകരണം ഉടനില്ല. സർക്കാർ തീരുമാനമെടുത്താൽ ഇതേക്കുറിച്ച് ആലോചിക്കും

-ജി. സ്പർജൻകുമാർ, മാനേജിംഗ് ഡയറക്ടർ


ജവാൻ വന്നത്

1974ൽ കേരള സർക്കാർ ഏറ്റെടുത്ത പഞ്ചസാര നിർമ്മാണ യൂണിറ്രാണ്, കരിമ്പ് കിട്ടാതായതോടെ ജവാൻ നിർമ്മാണ യൂണിറ്റായി മാറിയത്. 92 വരെ അബ്കാരി കരാറുകാർക്ക് ഇവിടെനിന്ന് ചാരായം നൽകിയിരുന്നു. ചാരായനിരോധനം വന്നപ്പോൾ യൂണിറ്റ് പൂട്ടി. പിന്നീടാണ് ‌സ്പിരിറ്റ് കൊണ്ടുവന്നുള്ള മദ്യനിർമ്മാണം തുടങ്ങിയത്.